കറുത്ത ഷർട്ടും മുണ്ടും അണിഞ്ഞ് ക്ലാസ് ലുക്കിൽ മോഹൻലാൽ: ‘ആറാട്ട്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

0

മോഹൻലാൽ നായകനായെത്തുന്ന ആറാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു. കറുത്ത ഷർട്ടും മുണ്ടും അണിഞ്ഞ് മാസ് ആക്ഷൻ ലുക്കിലാണ് മോഹൻലാൽ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്.

മികച്ച ആക്ഷൻ രംഗങ്ങളും ഒപ്പം കോമഡിയുമെല്ലാം കൂടിച്ചേർന്ന മികച്ച ഒരു മോഹൻലാൽ ചിത്രമാകും ആറാട്ട് എന്ന പ്രതീക്ഷയിലാണ് ആരാധകർ. ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഉദയകൃഷ്ണ. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റർ: സമീർ മുഹമ്മദ്. സംഗീതം: രാഹുൽ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കൽ. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ.

ആറാട്ടിലുള്ള ഒരു ആക്ഷൻ രംഗത്തിന്റെ സ്റ്റില്ലാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മോഹൻലാലിന്റെ പിന്നിലായി കറുത്ത ബെൻസും കാണാം. രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ ‘മൈ ഫോൺ നമ്പർ ഈസ് 2255’ എന്ന ഡയലോഗിനെ അനുസ്മരിപ്പിക്കാനായി 2255 എന്ന നമ്പറാണ് വാഹനത്തിന് നൽകിയിരിക്കുന്നത്.

ശ്രദ്ധ ശ്രീനാഥാണ് നായിക. ഐ എ എസ് ഓഫീസറുടെ വേഷത്തിൽ ശ്രദ്ധ ശ്രീനാഥാണ് എത്തുന്നത്. കോഹിനൂർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ മുൻപ് ശ്രദ്ധ വേഷമിട്ടിരുന്നത്. നെടുമുടി വേണു, സിദ്ദിഖ്, സായ്കുമാർ, ഇന്ദ്രൻസ് തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.