മുൻ വിൻഡീസ് താരം മർലോൺ സാമുവൽസിന് ആറ് വർഷം വിലക്ക്

0

വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം മർലോൺ സാമുവൽസിന് ആറ് വർഷത്തെ സമ്പൂർണ വിലക്ക് ഏർപ്പെടുത്തി ഐസിസി. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന്റെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് അച്ചടക്ക നടപടി. 15 വർഷം മുമ്പ് സമാന കുറ്റത്തിന് മർലോൺ ശിക്ഷിക്കപ്പെട്ടിരുന്നു.

2019 ലെ അബുദാബി ടി10 ലീഗിൽ സാമുവൽസ് അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചുവെന്നാണ് ആരോപണം. ഐസിസി നിയോഗിച്ച ഒരു സ്വതന്ത്ര ട്രൈബ്യൂണൽ സാമുവൽസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. നാല് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സാമുവൽസിന്റെ വിലക്ക് 2023 നവംബർ 11 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും ഐസിസി എച്ച്ആർ ആൻഡ് ഇന്റഗ്രിറ്റി യൂണിറ്റ് മേധാവി അലക്സ് മാർഷൽ പറഞ്ഞു.

നേരത്തെ 2008ൽ സാമുവൽസ് പണം കൈപ്പറ്റിയതായി ആരോപണം ഉയർന്നിരുന്നു. അന്നും സാമുവൽസ് കുറ്റക്കാരനാണെന്ന് ഐസിസി കണ്ടെത്തി. തുടർന്ന് രണ്ട് വർഷത്തേക്ക് വിലക്കേർപ്പെടുത്തി. കൂടാതെ 2015ൽ ഐസിസി ഒരു വർഷത്തേക്ക് താരത്തിൻ്റെ ബൗളിംഗ് ആക്ഷനും വിലക്കിയിരുന്നു. ഇതിനോടകം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടുള്ള താരം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ടീമിന്റെ ക്യാപ്റ്റനായിരുന്നു.

18 വർഷ കാലയളവിൽ വെസ്റ്റ് ഇൻഡീസിനായി 300 ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മൊത്തം 17 സെഞ്ചുറികളും നേടി. വെസ്റ്റ് ഇൻഡീസിനൊപ്പം 2012, 2016 പതിപ്പുകളിൽ ലോകകപ്പ് നേടിയിരുന്നു. ഈ ലോകകപ്പ് ഫൈനലുകളിൽ ടോപ് സ്‌കോററായിരുന്നു. 2018ലാണ് അദ്ദേഹം അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചത്. 2020 നവംബറിൽ അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചു.