ചലനശേഷി നഷ്ടപ്പെട്ടവരെ നടക്കാൻ സഹായിക്കുന്ന റോബോട്ട്

0

തിരുവനന്തപുരം: സാമൂഹ്യ മാറ്റത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ രാജ്യാന്തര പ്രശംസ നേടിയ കേരളത്തിന്‍റെ സ്വന്തം സ്റ്റാര്‍ട്ടപ്പ് ജെന്‍ റോബോട്ടിക്സിന്‍റെ ആരോഗ്യ മേഖലയിലെ പുതിയ ഉത്പന്നം ജിഗൈറ്റര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്ത ജിഗൈറ്റര്‍ വിവിധ രോഗങ്ങള്‍ കാരണം ചലനശേഷി നഷ്ടപ്പെട്ടവരെ നടക്കാന്‍ സഹായിക്കുന്ന റോബോട്ടാണ്. ഇതാദ്യമായാണ് ഇന്ത്യയില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ റോബോട്ടിന്‍റെ സേവനം ലഭ്യമാകുന്നത്.

ആരോഗ്യവകുപ്പും കേരള ഡെവലപ്മെന്‍റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലും (കെ-ഡിസ്ക്) ചേര്‍ന്നാണ് ഇത് ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്നത്. ഇതോടെ സ്ട്രോക്ക്, സ്പൈനല്‍ കോര്‍ഡ് ഇന്‍ജുറി അപകടങ്ങള്‍, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയവ കാരണം നടക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ക്ക് ആധുനിക ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സ ലഭ്യമാക്കാന്‍ ജിഗൈറ്ററിന്‍റെ സഹായം ലഭ്യമാകും. കെ-ഡിസ്ക് ആണ് ഇത് ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

ഇതോടൊപ്പം ആന്‍റിബയോഗ്രാം ആപ്ലിക്കേഷന്‍ ആന്‍ഡ് യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം-കരിയര്‍ ലോഞ്ചും മന്ത്രി നിര്‍വഹിച്ചു. നിര്‍മിത ബുദ്ധിയിലൂടെ ആരോഗ്യ മേഖലയില്‍ സേവനം ലഭ്യമാക്കുന്നതിനു കേരളം സജ്ജമായിരിക്കുകയാണെന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രോഗാവസ്ഥകള്‍ കാരണം നടക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കു മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും, വേഗത്തിലുള്ള പുനരധിവാസത്തിലേക്ക് അവരെ നയിക്കാനും ജിഗൈറ്ററിലൂടെ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലെ ഏറ്റവും മെച്ചപ്പെട്ട ജീവിതനിലവാരം നിലനിര്‍ത്തുന്നതിനുള്ള സംവിധാനമായി പുത്തന്‍ സാങ്കേതികവിദ്യ മാറുമെന്നും, സംസ്ഥാനത്തെ വിജ്ഞാന സമൂഹത്തിന്‍റെ അന്വേഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രോജക്റ്റ് ആണിതെന്നും കെ-ഡിസ്ക് മെമ്പര്‍ സെക്രട്ടറി ഡോ. പി. വി. ഉണ്ണിക്കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

വി.കെ. പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍ പാളയം രാജന്‍, കെ-ഡിസ്ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണന്‍, ജെന്‍ റോബോട്ടിക്സ് സംരംഭകരായ എം.കെ. വിമല്‍ ഗോവിന്ദ്, അഫ്സല്‍ മുട്ടിക്കല്‍, എന്‍.പി, നിഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. .

വിവിധ രോഗാവസ്ഥകള്‍ മൂലം കേരളത്തില്‍ നടക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ 8.4 ലക്ഷത്തിലേറെ വരുമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് കണക്കാക്കിയിരിക്കുന്നത്. സ്ട്രോക്ക് ബാധിതരുടെ ദേശീയ ശരാശരി 93 ആയിരിക്കെ കേരളത്തില്‍ ലക്ഷത്തില്‍ 152 പേര്‍ ഈ രോഗാവസ്ഥയിലാണ്. ജിഗൈറ്റര്‍ സാങ്കേതികവിദ്യയിലൂടെ ഈ രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും, അവരെ അതിവേഗം പുനരധിവസിപ്പിക്കാനും കഴിയും.

സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍റെ അംഗീകാരം കൂടി ലഭിച്ചിട്ടുള്ള ഈ റോബോട്ട് പുനരധിവാസത്തിനു സാങ്കേതികവിദ്യയുടെ പ്രയോഗം സാധ്യമാക്കുന്നതില്‍ വലിയ ചുവടുവെയ്പായിരിക്കും. ജിഗൈറ്റര്‍ സാങ്കേതികവിദ്യ ഇതിനോടകം കേരളത്തില്‍ ആസ്റ്റര്‍ മെഡിസിറ്റി വിവിധ ആശുപത്രികളില്‍ നടപ്പാക്കിയിട്ടുണ്ട്. കോഴിക്കോട്, തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളെജുകളില്‍ നടപ്പിലാക്കാനും പദ്ധതിയിടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.