ലോകചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് വെങ്കലം

ഉലാന്‍ഉദെ; ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് വെങ്കലം. 51 കിലോ വിഭാഗത്തിലെ സെമിഫൈനലില്‍ രണ്ടാം സീഡും യൂറോപ്യന്‍ ജേതാവുമായ തുര്‍ക്കി താരം ബുസാനെസ് ചാകിരൊഗ്‌ളൂവിനോടാണ് മേരിപരാജയപ്പെട്ടത്. മത്സരഫലത്തില്‍ റഫറിയുടെ തീരുമാനത്തിനെതിരേ ഇന്ത്യ അപ്പീല്‍ നല്‍കി.

മൂന്നാം സീഡാണ് മേരികോം. വെങ്കല നേട്ടം നടത്തിയതിലൂടെ ലോകബോക്‌സിംഗില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന വനിതാ ബോക്‌സറായി മേരികോം മാറി. കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയെ തോല്‍പ്പിച്ചായിരുന്നു ലോകചാമ്പ്യന്‍ഷിപ്പില്‍ സെമിയില്‍ കടന്നത്.5-0 ത്തിനായിരുന്നു മേരിയുടെ വിജയം. ചൈനയുടെ സായ് സോങ്ജുവിനെ വീഴ്ത്തിയാണ് ബുസാനെസ് സെമിയിലെത്തിയത്.

നിലവില്‍ ആറ് ലോക ചാംപ്യന്‍ഷിപ്പ് സ്വര്‍ണവുമായി ക്യൂബയുടെ ഇതിഹാസ താരം ഫെലിക്‌സ് സാവോന്റെ റെക്കോര്‍ഡിനൊപ്പമാണു മേരി. ഇരുവരും ഇതുവരെ ആറ് സ്വര്‍ണ്ണവും ഒരു വെള്ളിയുമാണ് നേടിയിരുന്നത്.

2007 ല്‍ ഇരട്ടക്കുട്ടികളുടെ ജനനത്തിന് ശേഷം റിങ്ങിലേക്കു മടങ്ങിയെത്തിയശേഷം മേരി മൂന്നുതവണ ലോക ജേതാവായി. പങ്കെടുത്ത ഏഴു ലോക ചാമ്പ്യന്‍ഷിപ്പിലും ഓരോ മെഡല്‍ താരം നേടിയിരുന്നു. 2012 ലെ റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ മേരികോം 2014 ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും 2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും മെഡല്‍ നേടിയിരുന്നു.