വാളയാറിൽ ആഡംബര വാനുകളിൽ സ്പിരിറ്റ് കടത്ത്

0

പാലക്കാട്: വാളയാറിൽ ആഡംബര വാനുകൾക്കുമുകളിൽ രഹസ്യ അറയുണ്ടാക്കി സ്പിരിറ്റ് കടത്ത്. വാഹനങ്ങളുടെ മുകളിൽ അറയുണ്ടാക്കിയ 8 ആഡംബരവാനുകളിലാണെന്നാണ് സ്പിരിറ്റു കടത്തുന്നത് എന്നാണ് അധികൃതർക്ക് ലഭിച്ച വിവരം. ഇതിൽ നാലെണ്ണം ട്രാവൽസ് ആണെന്നും എക്സൈസ് ഇന്റലിജൻസിനു വിവരം ലഭിച്ചു.

ഒരു വാൻ 1000 ലീറ്റർ സ്പിരിറ്റുമായി കഴിഞ്ഞദിവസം തൃത്താല പട്ടിത്തറയിൽ ഇന്റലിജൻസ് പിടികൂടി എക്സൈസിന് കൈമാറി. അതിനുശേഷവും മറ്റു വാനുകളിൽ കടത്ത് തുടരുന്നതായാണ് വിവരം.പുതുച്ചേരി,തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടുവരുന്ന സ്പിരിറ്റു തൃശൂരിലെ വടക്കാഞ്ചേരിയിലേക്കും ഇവർ എത്തിക്കുന്നുണ്ട്. യാത്രക്കാരുളള വാനുകളിൽ സ്പിരിറ്റ് കടത്തുന്നത് പരിശോധിക്കാൻ ഉദ്യോഗസ്ഥർക്കു പരിമിതിയുണ്ട്. വാഹനത്തിൽ പ്രത്യേകം തയാറാക്കുന്ന അറകളിൽ സൂക്ഷിക്കുന്ന സ്പിരിറ്റ് കണ്ടെത്താൻ സമയമെടുക്കും.

ഈ മേഖലയിലെ ചില ഷാപ്പുകളിൽ ദിവസം ആറു കന്നാസ് സ്പിരിറ്റാണ് ആവശ്യം. ഒരു കന്നാസിൽ 35 ലീറ്ററുണ്ടാകും. സ്പിരിറ്റു വാഹനത്തിനു സമീപം 1500 ലീറ്റർ കള്ളുമായി വാഹനം ഉണ്ടായിരുന്നു. കള്ളും സ്പിരിറ്റും കലർത്തി വിവിധ സ്ഥലങ്ങളിലേക്കു കൊണ്ടു പോകാൻ നാലുവാഹനങ്ങളും എത്തിയെങ്കിലും പിന്നീട് പിൻവാങ്ങി.

പരമ്പരാഗത കടത്തുകാർക്കു സ്പരിറ്റു സൂക്ഷിക്കാൻ ഗോഡൗണുകളുണ്ടെങ്കിലും ചെറുകിടക്കാർക്ക് സ്പിരിറ്റുകലർത്തിയ കള്ള് എത്തിക്കുന്നതാണ്പുതിയ രീതി. ലഹരികൂടുതലുള്ള കലർപ്പ് കള്ള് 4 മണിയോടെ വിറ്റുതീരുമ്പോൾ അല്ലാത്തത് വിൽക്കാൻ രാത്രി 9 ആകും. 200 ലീറ്റർ കളളിൽ എട്ടു ലീറ്റർ സ്പിരിറ്റ് എന്നാണ് കണക്ക്.

തലസ്ഥാനത്തും ഒരു വിഭാഗം ഉദ്യോഗസ്ഥർക്കിടയിലും സ്വാധീനമുള്ള രണ്ടു ലോബികളാണു കടത്തിനു പിന്നിലെന്നും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും വരെ നിയന്ത്രിക്കുന്നതു ഇവരാണെന്നുമാണ് ആരോപണം. ഇവരുടെ വിൽപന ഏരിയ സംബന്ധിച്ചുണ്ടായ തർക്കത്തിൽ നിയമപരമായ കടുത്ത നിലപാട് സ്വീകരിച്ച ഒരു ഉദ്യോഗസ്ഥൻ സസ്പെൻഷനിലായി. തൃത്താലയിൽ സ്പിരിറ്റു പിടിച്ച സംഭവത്തിൽ ചില ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ ഇടപെടൽ വലിയൊരു വിഭാഗത്തിൽ അതൃപ്തിയുണ്ടാക്കിയിരുന്നു.