ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൊവിഡ്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ കെജ്‌രിവാള്‍ തന്നയൊണ് രോഗം വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. നിലവിൽ ക്വാറന്റൈനിലാണെന്നും വീട്ടിൽ കഴിയുകയാണെന്നും കെജ്‌രിവാൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഗോവ, പഞ്ചാബ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലേക്ക് അദ്ദേഹം പ്രചാരണങ്ങൾക്കായി പോയിരുന്നു. നിരന്തരമായി യാത്രകൾ നടത്തുകയും ആളുകളുമായി സമ്പർക്കം പുലർത്തുകയും ചെയ്തതിന് പിന്നാലെയാണ് എഎപി നേതാവിന് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ കെജ്‌രിവാളിന്റെ ഭാര്യ സുനിതയ്‌ക്ക് രോഗം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം ക്വാറന്റൈനിലായിരുന്നു.

അതേസമയം, ദിനംപ്രതി കൊവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നിലവില്‍ ഡല്‍ഹിയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4099 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ വകഭേദമായ ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് സംസ്ഥാനം.