കേരളം ഘട്ടംഘട്ടമായി സാധാരണ ജീവിതത്തിലേക്ക്; ഏഴ് ജില്ലകളിൽ തിങ്കളാഴ്ച മുതല്‍ ഇളവുകൾ നിലവിൽ വരും

തിരുവനന്തപുരം: 27 ദിവസമായി അടച്ചിരുന്ന കേരളം ഘട്ടംഘട്ടമായി സാധാരണ ജീവിതത്തിലേക്ക്. സംസ്ഥാനത്ത് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാർ പ്രഖ്യാപിച്ച ഇളവുകൾ തിങ്കളാഴ്ച മുതൽ നിലവില്‍ വരുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ജില്ലകളെ നാല് സോണുകളായി തിരിച്ച് ഇളവ് അനുവദിക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് പച്ച, ഓറഞ്ച് ബി മേഖലകളിലെ ജില്ലകളിലാണ് നാളെ മുതൽ ഇളവ് അനുവദിക്കുക.

ഇളവുള്ള ജില്ലകളിലെ ഹോട്‌സ്പോട്ടുകളിലും കർശനനിയന്ത്രണം തുടരും. പച്ച മേഖലയില്‍ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയില്‍ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പച്ച, ഓറഞ്ച് ബി മേഖലയില്‍ ജില്ലാ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗനിർദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്കും മാത്രമേ ജില്ലാഅതിര്‍ത്തിയും കടന്നുള്ള യാത്ര അനുവദിക്കൂ.

കേരളത്തിൽ 88 ഹോട്‌സ്പോട്ടുകളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. അവയുടെ വിശദാംശം ആരോഗ്യവകുപ്പ് പുറത്തിറക്കും. 24 മുതൽ പത്തനംതിട്ട, എറണാകുളം, കൊല്ലം (ഓറഞ്ച് എ) ജില്ലകളിൽ ഇളവ് നിലവിൽവരും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകൾ ചുവപ്പുമേഖലയായതിനാൽ ഇവിടെ കർശന നടപടികളോടെ ലോക്ക് ഡൗൺ തുടരും.

അനുവദിച്ചിട്ടുള്ള ഇളവുകൾ:

ആരോഗ്യമേഖല, കൃഷി, മത്സ്യബന്ധനം, പ്ലാന്‍റേഷന്‍, മൃഗസംരക്ഷണം, സാമ്പത്തികമേഖല, സാമൂഹ്യമേഖല, ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായം, തൊഴിലുറപ്പ് പദ്ധതികള്‍ എന്നീ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ഉണ്ട്. ഇന്ധനനീക്കം, ഊര്‍ജ്ജവിതരണം എന്നിവ ഉള്‍പ്പെടെയുള്ള പൊതുസേവനകാര്യങ്ങള്‍, ചരക്ക് നീക്കം, അവശ്യസാധനങ്ങളുടെ വിതരണം, സ്വകാര്യ-വാണിജ്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമുള്ള വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിച്ചുകൊണ്ടാവണം ഇവ പ്രവര്‍ത്തിപ്പിക്കേണ്ടത്.

വാഹനയാത്ര:

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റയക്കത്തിൽ അവസാനിക്കുന്ന രജിസ്േട്രഷൻ നന്പറുള്ള വാഹനങ്ങൾക്ക് ജില്ലയ്ക്കുള്ളിൽ യാത്രചെയ്യാം. ചൊവ്വ, വ്യാഴം, ശനി പൂജ്യം, ഇരട്ട അക്കത്തിൽ അവസാനിക്കുന്ന രജിസ്‌ട്രേഷൻ നമ്പറുള്ള വാഹനങ്ങൾക്കും പുറത്തിറങ്ങാം.

അടിയന്തരസേവന വിഭാഗങ്ങൾ, ഡ്യൂട്ടിക്കായി പോകുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ജോലിക്കെത്തുന്ന സർക്കാർ ജീവനക്കാർ, സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾ എന്നിവയെ ഒറ്റ, ഇരട്ടയക്ക ക്രമീകരണത്തിൽനിന്ന് ഒഴിവാക്കി. ഞായറാഴ്ച അടിയന്തരപ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കു മാത്രമേ വാഹനം പുറത്തിറക്കാൻ അനുമതിയുള്ളൂ. ഇതിന് നമ്പർവ്യവസ്ഥ ബാധകമല്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാതിയ്യേറ്ററുകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍ മുതലയായവ പ്രവര്‍ത്തിക്കില്ല. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാതരം പരിപാടികളും നിരോധിച്ചിട്ടുണ്ട്. ആരാധനാകേന്ദ്രങ്ങളും തുറക്കില്ല. വിവാഹത്തിനും മരണാനന്തരചടങ്ങുകളിലും 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാനും അനുവദിക്കില്ല.