സൗദിയിലുള്ള വിദേശികളുടെ റീ എൻട്രി വിസ മൂന്നു മാസത്തേക്ക് സൗജന്യമായി നീട്ടി നല്‍കും

റിയാദ്: സൗദിയിലുള്ള വിദേശികളുടെ റീ എൻട്രി വിസ മൂന്നു മാസത്തേക്ക് സൗജന്യമായി നീട്ടിനൽകാൻ സൽമാൻ രാജാവിന്റെ ഉത്തരവ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് രാജാവിന്റെ ഉത്തരവ്. ഫെബ്രുവരി 25 മുതൽ മെയ് 24 വരെ യുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്നതും ഉപയോഗിക്കാത്തതുമായ റീ എൻട്രി വിസയാണ് മൂന്ന് മാസത്തേക്ക് സൗജന്യമായി നീട്ടിനൽകുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്നു മാസത്തെ കാലാവധി നീട്ടിനൽകാൻ സൽമാൻ രാജാവ് ഉത്തരവിട്ടത്. ഇതിന് പാസ്‌പോര്‍ട്ട് വിഭാഗത്തെ സമീപിക്കുകയോ മറ്റു നടപടി ക്രമങ്ങള്‍ സ്വീകരിക്കുകയോ ചെയ്യേണ്ടതില്ല. വ്യക്തികളുടെ അബ്ഷിര്‍ സംവിധാനം വഴി വരും ദിവസങ്ങളില്‍ പുതുക്കിയ തിയ്യതി അറിയാന്‍ സാധിക്കും.

എന്നാല്‍ നിലവില്‍ റീ എന്‍ട്രിയില്‍ വിദേശങ്ങളില്‍ കഴിയുന്നവരുടെ കാലാവധി പുതുക്കുന്നത് സംബന്ധിച്ച് ഉത്തരവുകളൊന്നും ഇത് വരെ പുറത്തിറങ്ങിയിട്ടില്ല. ഘട്ടം ഘട്ടമായാണ് നടപടികള്‍ സ്വീകരിച്ചു വരുന്നത്. യാത്രാ‌വിലക്ക് നീങ്ങുന്ന മുറക്ക് വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച ഉത്തരവ് കൂടി ഇറങ്ങുമെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. കോവിഡ് പശ്ചാതലത്തില്‍ രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിരവധി ഇളവുകളാണ് സൗദി ഭരണകൂടം പ്രഖ്യാപിച്ചിട്ടുള്ളത്. ദിവസങ്ങള്‍ക്ക് മുമ്പ് വിദേശികളുടെ ഇഖാമയും മൂന്ന് മാസത്തേക്ക് സൗജന്യമായി പുതുക്കി നല്‍കിയിരുന്നു.