ആറു മണിക്കൂര്‍ നീണ്ട ഷോപ്പിങ്; ഒടുവില്‍ പെണ്‍കുട്ടിക്ക് ഇഷ്ടപ്പെട്ട വസ്ത്രം സൗജന്യമായി നല്‍കി കടയുടമ

0

ശരീരഭാരം കൂടുതലുള്ളവര്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ കണ്ടെത്താന്‍ പ്രയാസമാണ്. മിക്ക കടകളിലും ഇത്തരത്തിലുള്ളവര്‍ക്ക് ഇണങ്ങുന്ന തരത്തിലുള്ള വസ്ത്രങ്ങളും ഉണ്ടാകില്ല. അതുകൊണ്ട്തന്നെ അവരുടെ ഷോപ്പിങ് മണിക്കൂറുകളോളം നീണ്ടുപോകും.

ഇങ്ങനെ ആറു മണിക്കൂറോളം കടകള്‍ കയറി ഇറങ്ങിയ ഒരു പെണ്‍കുട്ടിയുടെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നോര്‍ത്ത് കരോലിനയിലാണ് ഈ സംഭവം. അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പമാണ് 18-കാരി ഷോപ്പിങ്ങിന് എത്തിയത്.

പ്ലസ് സൈസ് വസ്ത്രങ്ങള്‍ ധാരാളമുള്ള നോര്‍ത്ത് കരോലിനയിലെ ബുട്ടിക്കിലാണ് ഒടുവില്‍ പെണ്‍കുട്ടി എത്തിയത്. 400 ഡോളറില്‍ ഒതുങ്ങുന്ന വസ്ത്രമായിരുന്നു അവളുടെ ബജറ്റ്. കുറേ വസ്ത്രങ്ങള്‍ ധരിച്ചുനോക്കി. അതില്‍പര്‍പ്പിള്‍ നിറത്തിലുള്ള ഒരു ഗൗണ്‍ ആയിരുന്നു അവള്‍ക്ക് നന്നായി ഇണങ്ങുന്നത്. എന്നാല്‍ ഇതിന്റെ വില ബജറ്റിറ്റിനേക്കാള്‍ 300 ഡോളര്‍ കൂടുതലായിരുന്നു. ഇതോടെ അവളും കുടുംബവും ആശയക്കുഴപ്പത്തിലായി.

എന്നാല്‍ കടയുടെ ഉടമ അവള്‍ക്കൊരു സര്‍പ്രൈസ് ഒരുക്കിയിരുന്നു. ആ വസ്ത്രം സൗജന്യമായി നല്‍കി. ഏതോ ഒരു മാലാഖ അവര്‍ക്ക് ആ ഉടുപ്പ് സൗജന്യമായി നല്‍കണമെന്ന് തന്റെ ഉള്ളിലിരുന്ന് പറഞ്ഞതായി കടയുടമ ലൂസില്ല പറയുന്നു. ആ സമയത്ത് വീട്ടുകാരുടേയും പെണ്‍കുട്ടിയുടേയും മുഖത്തുണ്ടാകുന്ന സന്തോഷവും വീഡിയോയില്‍ കാണാം. ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ വൈറലാണ്.