ജാതി പീഡനത്തിൽ ഡോക്ടറുടെ ആത്മഹത്യ: മൂന്നു സീനിയർ ഡോക്ടര്‍മാര്‍ അറസ്റ്റിൽ

0

ജാതിപീഡനത്തെ തുടർന്ന് ആദിവാസി വനിതാ ഡോക്ടർ പായൽ തഡ്‌വി (26) ജീവനൊടുക്കിയ കേസിൽ മൂന്ന് സീനിയർ ഡോക്ടർമാരും അറസ്റ്റിൽ. പായലിന്റെ മരണത്തിന് കാരണക്കാരായ ഡോ. ഭക്തി മൊഹാറെ, ഡോ.ഹേമ അഹുജ, അങ്കിത ഖാൻഡേവാൾ എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റു ചെയ്തത്. മൂവർക്കുമെതിരെ ശക്തമായ നടപടി എടുക്കണമെന്ന ആവശ്യവുമായി പായലിന്റെ ഭർത്താവ് ഡോ സൽമാനും അമ്മ ആബിദാ തഡ്​വിയും രംഗത്തെത്തിയിട്ടുണ്ട്.

സർക്കാർ ഉടമസ്ഥതയിലുള്ള മുംബൈ നായർ ആശുപത്രിയിലെ പിജി (ഗൈനക്കോളജി) വിദ്യാർഥിനിയായിരുന്നു പായൽ.പായലിന്റെ കിടക്കവിരിയിലാണ് മൂവരും കാൽ തുടച്ചിരുന്നതെന്നും ജാതിപ്പേരു വിളിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നെന്നും രക്ഷിതാക്കൾ പരാതിപ്പെട്ടു.

ഓപ്പറേഷൻ തിയറ്ററിൽ പ്രവേശി‌പ്പിച്ചിരുന്നില്ല. അവളുടെ സാധനങ്ങൾ വലിച്ചെറിയുന്നതു പതിവായിരുന്നു. 4–5 ദിവസം കുളിക്കാൻ പോലും അനുവദിച്ചില്ല. വാട്സാപ് ഗ്രൂപ്പുകളിലടക്കം കളിയാക്കലുകൾ അസഹ്യമായിരുന്നു. പലവട്ടം പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. പലതും സഹിച്ചാണ് ഇത്രയും നാൾ പഠിച്ചത്.’ പായലിന്റെ അമ്മ ആബിദ തഡ്‌വി മഹാരാഷ്ട്ര മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൽ പറയുന്നു.

ചില കൂട്ടുകാരുമായി പായൽ അത്താഴവിരുന്നിന് പോയത് ഇഷ്ടപ്പെടാത്ത സീനിയേഴ്സ്, സംഘം ചേർന്നു ക്രൂരമായി അപമാനിച്ചതിനു പിന്നാലെയാണു ജീവനൊടുക്കിയതെന്നു ഭർത്താവ് ഡോ. സൽമാൻ പറഞ്ഞു. ഈമാസം 22നാണു പായൽ ഹോസ്റ്റൽ മുറിയിൽ മരിച്ചത്.