മാർച്ച് 11 മുതൽ അനിശ്ചിതകാലത്തേക്കു സ്വകാര്യ ബസ് സമരം

0

മാർച്ച് 11 മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, മിനിമം ബസ് ചാർജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസുടമകൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ബസ് ഉടമ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ 11 മുതൽ അനിശ്ചിതകാലത്തേക്കു സംസ്ഥാന വ്യാപകമായി സ്വകാര്യബസുകൾ സർവീസ് നിർത്തിവയ്ക്കുമെന്നു ചെയർമാൻ ലോറൻസ് ബാബു, കൺവീനർ ആർ. പ്രസാദ്, എം.ഡി. രവി എന്നിവർ അറിയിച്ചു.

സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണു കടന്നു പോകുന്നത്. നിലവിലെ അവസ്ഥയിൽ മുന്നോട്ടു പോകാൻ കഴിയാത്തതിനാലാണു നിരക്കു വർധന ആവശ്യപ്പെടുന്നത്. മിനിമം ബസ് ചാർജ് 10 രൂപയാക്കണം. കിലോ മീറ്റർ നിരക്ക് 90 പൈസയായും വിദ്യാർഥികളുടെ കൺസഷൻ നിരക്ക് 5 രൂപയായും വർധിപ്പിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ടുതവണ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ഗതാഗത മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞിട്ടും ഗതാഗത മന്ത്രി ബസുടമകൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കാത്ത സാഹര്യത്തിലാണ് വീണ്ടും സമരം പ്രഖ്യപിച്ചിരിക്കുന്നത്.