മോദി ഗ്യാരണ്ടിക്ക് പകരം കെജ്രിവാളിന്‍റെ ഗ്യാരണ്ടി; വിലക്കയറ്റം തടയുന്നതടക്കം 10 വാഗ്ദാനങ്ങള്‍

0

നരേന്ദ്രമോദിയുടെ ഗ്യാരണ്ടിക്ക് മറുപടിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. നരേന്ദ്രമോദിയുടെ ഗ്യാരന്റി പാഴ്വാക്ക് എന്ന വിമർശനം ഉന്നയിച്ചു കൊണ്ടാണ് പാർട്ടി ആസ്ഥാനത്ത് പത്ത് ഗ്യാരന്റികൾ കെജ്രിവാൾ പ്രഖ്യാപിച്ചത്.

രാജ്യത്തുടനീളം 24 മണിക്കൂറും വൈദ്യുതി, എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ഏർപ്പെടുത്തും. ഗ്രാമങ്ങൾതോറും മൊഹല്ല ക്ലിനിക്കുകൾ സ്ഥാപിക്കും. ചൈന കയ്യേറിയ ഭൂമി തിരിച്ചുപിടിക്കും. അഗ്നിവീർ പദ്ധതി റദ്ദാക്കും. കാർഷിക വിളകൾക്ക് താങ്ങുവില കൊണ്ട് വരും. ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകും. രണ്ട് കോടി യുവാക്കൾക്ക് തൊഴിൽ ലഭ്യമാകും. അഴിമതി തുടച്ചുനീക്കും. ജിഎസ്‍ടി നയത്തിൽ പരിഷ്കരണം കൊണ്ട് വരും- എന്നിവയാണ് കേജ്രിവാൾ ഗ്യാരന്റി.

നരേന്ദ്രമോദിയുടെ ഒരു ഗ്യാരണ്ടിയും നടപ്പായില്ലെന്ന് വിമർശിച്ച കെജ്രിവാൾ ബിജെപിയിൽ 75 വയസ്സെന്ന പ്രായപരിധി കൊണ്ടുവന്ന മോദി സ്വന്തം കാര്യത്തിൽ ഒന്നും പറയുന്നില്ലെന്നും പരിഹസിച്ചു. മോദി, നിയമം കൊണ്ടുവന്നാണ് മുതിർന്ന നേതാക്കളെ വിരമിപ്പിച്ചത്. തനിക്ക് നിയമം ബാധകമല്ലെങ്കിൽ മോദി അത് വ്യക്തമാകട്ടെ എന്നും കെജ്രിവാൾ ആഞ്ഞടിച്ചു. വരും ദിവസങ്ങളിൽ യുപി, ബീഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അരവിന്ദ് കെജ്രിവാൾ പ്രചരണം നടത്തും.