‘സ്മോക്കി പാൻ’ വില്ലനായി; പാൻ ചവച്ച 12കാരിയുടെ വയറിനുള്ളിൽ സുഷിരം

0

ബംഗളൂരു: വിവാഹ വിരുന്നിനിടെ ലിക്വിഡ് നൈട്രജൻ കലർത്തിയ സ്മോക്കി പാൻ കഴിച്ച 12കാരിയുടെ വയറിനുള്ളിൽ സുഷിരം രൂപപ്പെട്ടതായി കണ്ടെത്തി. നാരായണ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ച കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ചവയ്ക്കുന്നതിനൊപ്പം വായിൽ നിന്ന് പുക പുറത്തേക്കു വരുന്ന സ്മോക്കി പാൻ സമൂഹമാധ്യമങ്ങളിലൂടെയാണ് വൈറലായത്. ഇൻഫ്ലുവൻസേഴ്സിനെ പിന്തുടർന്ന് നിരവധി പേരാണ് റീൽസിനും മറ്റുമായി സ്മോക്കി പാൻ ഉപയോഗിക്കുന്നത്.

സ്മോക്കി പാൻ കഴിച്ച ഉടനെ തന്നെ പെൺകുട്ടിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. ഇതേത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലിക്വിഡ് നൈട്രജൻ വയറിനകത്ത് ചെന്ന് വാതകരൂപത്തിലേക്ക് മാറുമ്പോൾ ശക്തമായ സമ്മർദമാണുണ്ടാകുകയെന്ന് ഡോക്റ്റർമാർ പറയുന്നു.

ഇതു മൂലം കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ഈ വാതകം ശ്വസിക്കുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഇടയാക്കും.