ടാൻസാനിയയിൽ വിമാനം തകർന്ന് 19 പേർ മരിച്ചു

0

ടാൻസാനിയയിൽ വിമാനം വിക്ടോറിയ തടാകത്തിൽ തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. ഞായറാഴ്ച 43 യാത്രക്കാരുമായിപ്പോയ ചെറുവിമാനമാണ് തകർന്നുവീണത്. വിമാനത്തിൽ നിന്ന് എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തതായി പ്രധാനമന്ത്രി കാസിം മജലിവ സ്ഥിരീകരിച്ചു.

39 യാത്രക്കാരും നാല് ജീവനക്കാരും ഉൾപ്പെടുന്ന വിമാനം ടാൻസാനിയയുടെ വാണിജ്യ തലസ്ഥാനമായ ഡാർ എസ് സലാമിൽ നിന്ന് പറന്നുയർന്ന് ബുക്കോബ പട്ടണത്തിലേക്ക് പോകുന്നതിനിടെ വിക്ടോറിയ തടാകത്തിലേക്ക് പതിക്കുകയായിരുന്നു. മത്സ്യബന്ധനത്തിന് പോയവരാണ് അപകടം നടക്കുന്നത് ആദ്യം കണ്ടത്. ബോട്ടുകളിൽ നിന്നുള്ള രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

തുടർന്നാണ് പൊലീസും രക്ഷാപ്രവർത്തക സംഘവും അപകടം നടന്ന സ്ഥലത്തേക്ക് എത്തിയത്. 24 ഓളം പേരെ അപകടത്തിൽ നിന്ന് രക്ഷിച്ചതായാണ് റിപ്പോർട്ട്. തകർന്നുവീണ വിമാനം കരയ്‌ക്ക് എത്തിച്ചിട്ടുണ്ട്. മരണനിരക്ക് ഇനിയും ഉയർന്നേക്കാം. വിമാനത്തിലുണ്ടായിരുന്ന 43 പേരിൽ 26 പേരെ രക്ഷപ്പെടുത്തിയതായി വിമാനക്കമ്പനിയും പ്രാദേശിക ഉദ്യോഗസ്ഥരും നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അതിജീവിച്ചവരുടെ എണ്ണം 24 ആയി തിരുത്തുകയായിരുന്നു.