ഖുർ- ആൻ പിറന്ന നാട്ടിൽ ഇനി കുട്ടികൾ പഠിക്കുന്നത് ഇന്ത്യൻ ഇതിഹാസങ്ങൾ

0

സൗദി അറേബ്യയിൽ നിന്നൊരു സന്തോഷ വാർത്ത. സൗദിയിലെ 2030 ലക്ഷ്യം വെച്ചുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഭാരതത്തിൻ്റെ ഹൈന്ദവതയുടെ രണ്ടു ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും സൗദിയിലെ വിദ്യാലയങ്ങളിൽ പഠന വിഷയമാകുകയാണ്. ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന ഈ തീരുമാനം പ്രഖാപിച്ചത് സൗദി രാജകുമാരൻ തന്നെയാണ്. യോഗയും ആയുർവേദവും ഇതിനൊപ്പം പഠിപ്പിക്കാനും തീരുമാനമുണ്ട്. മഹത്തായ സാംസ്കാരിക പൈതൃകം ലോകം മുഴുവൻ പങ്ക് വെക്കാനുള്ളതാണെന്ന മഹത്തായ സന്ദേശം തന്നെയാണ് സൗദി അറേബ്യ ലോകത്തിന് പകർന്ന് നൽകുന്നത്. നമ്മുടെ ഭാരതത്തിലെ വിദ്യാഭ്യാസം സങ്കുചിതത്വത്തിൻ്റെ ചട്ടക്കൂട്ടിൽ ഒതുക്കാൻ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് ഈ വാർത്ത അറിയുന്നത് പോലും
ആനന്ദദായകമാണ്.

സൗദി ഭാരതത്തെ സംബന്ധിച്ച് നല്ല കൂട്ടുകാരൻ തന്നെയാണ്. കോവിഡ് 19 ൻ്റെ മഹാ വ്യാപനത്തിൻ്റെ ഭീതിദമായ നാളുകളിൽ ഉത്തരേന്ത്യൻ ജനത പ്രാണവായുവാനായി പിടയുമ്പോൾ നമുക്ക് സഹായ ഹസ്തവുമായെത്തിയത് ഇതേ സൗദി അറേബ്യ തന്നെയായിരുന്നു. അന്ന് 80 മെട്രിക് ടൺ ഓക്സിജൻ ഇന്ത്യൻ ജനതയ്ക്കായി നൽകി മാനവികതയുടെ കൈയ്യൊപ്പ് ചാർത്തിയതും സൗദി അറേബ്യൻ ഭരണകൂടമായിരുന്നു. സൗദി കുടിയേറ്റക്കാരിൽ 26 ശതമാനത്തിലധികം ഇന്ത്യക്കാരുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
ലോകത്തെ മതത്തിൻ്റെ കണ്ണുകളിലൂടെ മാത്രം നോക്കിക്കാണുന്നവർ ചിലതെല്ലാം ഇനിയും പഠിക്കാനുണ്ട്.

ഇടുങ്ങിയ വിശ്വാസങ്ങൾക്കപ്പുറമുള്ള മഹനീയമായ മനുഷ്യത്വത്തിൻ്റെ പാഠങ്ങളാണ് സർവ്വ മതങ്ങളും വിഭാവനം ചെയ്യുന്നതെന്നതാണ് മതത്തിൻ്റെ സവിശേഷത. അങ്ങനെയാണ് മതം ഹൃദയമില്ലാത്തവൻ്റെ ഹൃദയവും ആത്മാവില്ലാത്തവൻ്റെ ആത്മാവുമായിത്തീരുന്നത് മതഭീകരത എന്ന് പറഞ്ഞ് ഒരു വിഭാഗത്തെ അകറ്റി നിർത്തി കുറ്റപ്പെടുത്തുന്ന നമ്മുടെ ഭരണാധികാരികൾക്ക് സൗദി രാജകുമാരൻ്റെ തീരുമാനം ഒരു സന്ദേശവും പിൻതുടരാനുള്ള മാർഗ്ഗവുമായി മാറേണ്ടതുണ്ട്.