ദിലീപ് ചിത്രം ‘തങ്കമണി’ക്ക് സ്റ്റേ ഇല്ല; ചിത്രം വ്യാഴാഴ്ച തിയേറ്ററുകളിൽ

0

ദിലീപ് നായകനായെത്തുന്ന ചിത്രം ‘തങ്കമണി’ക്ക് സ്റ്റേ ഇല്ല. സിനിമയുടെ റിലീസ് വിലക്കണമെന്ന ഹർജി ഹൈക്കോടതി അംഗീകരിച്ചില്ല. ഇടുക്കി തങ്കമണിയിൽ 1986ലുണ്ടായ സംഭവം പ്രമേയമാക്കി എത്തുന്ന സിനിമയായ ‘തങ്കമണി’യുടെ റിലീസ് വിലക്കണമെന്ന ഹർജിയിൽ അടച്ചിട്ട മുറിയിൽ രഹസ്യവാദം കേട്ട ശേഷമാണ് നടപടിയുണ്ടായത്. സെൻസർ ബോർഡ് അനുമതി നൽകിയ സാഹചര്യത്തിൽ തുറന്ന കോടതിയിൽ വാദം കേൾക്കുന്നത് സിനിമയ്ക്ക് പിന്നിലുള്ളവരുടെ താൽപര്യങ്ങൾക്ക് എതിരാകും എന്ന കേന്ദ്ര സർക്കാർ അഭിഭാഷകൻ സുവിൻ ആർ.മേനോൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടച്ചിട്ട മുറിയിൽ വാദം കേട്ടത്. സിനിമയുടെ റിലീസ് വിലക്കണമെന്ന ഹർജി കോടതി അംഗീകരിക്കാതിരുന്നതോടെ ചിത്രം നാളെ ലോകമെമ്പാടുമുള്ള 33 രാജ്യങ്ങളിൽ റിലീസിനെത്തും. ഹർജി വ്യാഴാഴ്ച കോടതി പരിഗണിക്കും.

തങ്കമണിയിൽ 38 വർഷങ്ങൾക്ക് മുമ്പ് നടന്നൊരു ബസ് തടയലും തുടർന്ന് നടന്ന പോലീസ് നരനായാട്ടും ആധാരമാക്കിയെത്തുന്ന ചിത്രത്തിലെ ബലാത്സംഗ ദൃശ്യങ്ങൾ‍ നീക്കം ചെയ്യ ണമെന്നാവശ്യപ്പെട്ട് തങ്കമണി സ്വദേശിയായ വി.ആർ. ബിജുവാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. സിനിമയുടെ ടീസറിൽ കാണിച്ചിരിക്കുന്നതു പോലെ പോലീസുകാർ തങ്കമണിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു ഹർജിയിലെ വാദം.

പോലീസിനെ പേടിച്ച് പുരുഷന്മാ‍ർ കൃഷിയിടങ്ങളിൽ ഒളിച്ചെന്നും തുട‍ർന്ന് പോലീസുകാർ സ്ത്രീകളെ ബലാത്സംഗം ചെയ്തെന്നും സിനിമയിൽ കാണിക്കുന്നുണ്ടെന്നും ഇത് വാസ്തവവവിരുദ്ധവും സംഭവത്തെ മോശം രീതിയിൽ ചിത്രീകരിക്കുന്നതുമാണ് എന്നും ബിജു ഹർജിയിൽ പറയുന്നു. ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറയുന്ന ഹർജിക്കാരൻ, ഇത്തരമൊരു കുറ്റകൃത്യമുണ്ടായതായി ഔദ്യോഗിക രേഖകളോ തെളിവുകളോ ഇല്ലെന്നും സാങ്കൽപ്പിക സൃഷ്ടിയാണെന്നും സൂചിപ്പിച്ചിരുന്നു. ഹർജിക്കാരൻ ഇത്തരം കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഹർജിക്കാരൻ ഇത്തരം കാര്യങ്ങള്‍ സൂചിപ്പിച്ച് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി അംഗീകരിക്കാതിരുന്നത്.

സംസ്ഥാന ചരിത്രത്തിലെ തന്നെ തീരാനോവായി മാറിയ തങ്കമണി സംഭവത്തെ അടിസ്ഥാനമാക്കി ഒപ്പം ഫിക്ഷനും ചേർത്ത് ഒരുക്കിയ ചിത്രമാണ് ‘തങ്കമണി’. ദിലീപിൻറെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമായൊരു ചിത്രമായി മാറുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ‘ഉടൽ’ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം രതീഷ് രഘുനന്ദനനാണ് സിനിമയുടെ സംവിധാനം.

‘പെണ്ണിൻറെ പേരല്ല തങ്കമണി, വെന്ത നാടിൻറെ പേരല്ലോ തങ്കമണി…’ എന്ന ടെെറ്റിൽ ഗാനവും സിനിമയുടെ ടീസറും ട്രെയിലറും ഏറെ ശ്രദ്ധേയമായിരുന്നു. വ്യത്യസ്തമായ ലുക്കിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്.