ഇന്ദ്രാണി മുഖർജിയെക്കുറിച്ചുള്ള ഡോക്യു സീരീസ്: ഫെബ്രുവരി 29 വരെ റിലീസ് തടഞ്ഞ് കോടതി

0

മുംബൈ: ഷീന ബോറ കൊലക്കേസിലെ പ്രതി ഇന്ദ്രാണി മുഖർജിയുടെ ജീവിതം ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് നിർമിച്ച ഡോക്യു സീരീസ് ഫെബ്രുവരി 29 വരെ റിലീസ് ചെയ്യരുതെന്ന് ഹൈക്കോടതി. ജസ്റ്റിസ്മാരായ രേവതി മോഹിത് ദേരേയും മഞ്ജുഷ ദേശ്പാണ്ഡെയും അടങ്ങുന്ന ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. കേസിൽ അന്വേഷണം നടത്തുന്ന സിബിഐക്കു വേണ്ടി പ്രത്യേക പ്രദർശനം ഏർപ്പാടാക്കണമെന്നും കോടതി നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദി ഇന്ദ്രാണി മുഖർജി സ്റ്റോറി: ദി ബറീഡ് ട്രൂത്ത് എന്ന പേരിൽ നെറ്റ്ഫ്ലിക്സ് നിർമിച്ച ഡോക്യു സീരീസ് ആണ് സിബിഐ കോടതിയെ സമീപിച്ചതോടെ വിവാദത്തിലായത്. ഷീന ബോറ കൊലക്കേസിൽ വിചാരണ കഴിയും വരെ ഡോക്യു സീരീസ് പ്രദർശിപ്പിക്കരുതെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

ഡോക്യു സീരീസ് കാണാൻ സിബിഐ യെ അനുവദിക്കാത്തതിണെ കാരണമെന്താണെന്ന് കോടതി ചോദിച്ചു. കൊലക്കേസിലെ ഇരയ്ക്കു പ്രതിയ്ക്കും അവകാശങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നെറ്റ്ഫ്ലിക്സിനു വേണ്ടി മുതിർന്ന അഭിഭാഷകൻ രവി കദം ആണ് കോടതിയിൽ ഹാജരായിരുന്നത്. സീരീസ് ഫെബ്രുവരി 23ന് റിലീസ് ചെയ്യാനായിരുന്നു നെറ്റ്ഫ്ലിക്സിന്‍റെ തീരുമാനം. അവസാന ദിനം വരെ കാത്തിരിക്കാതെ കുറച്ചു മുൻപേ സിബിഐയ്ക്കു കോടതിയെ സമീപിക്കാമായിരുന്നുവെന്ന് നെറ്റ്ഫ്ലിക്സ് കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ ഒരാഴ്ച റിലീസ് നീട്ടി വച്ചതു കൊണ്ട് ആകാശം ഇടിഞ്ഞു വീഴില്ലെന്നായിരുന്നു കോടതിയുടെ മറുപടി. വേണമെങ്കിൽ കോടതിക്കു സീരീസ് കാണാൻ അവസരം ഉണ്ടാക്കാം എന്ന നെറ്റ്ഫ്ലിക്സിന്‍റെ നിർദേശത്തെയും അതിനുള്ള സമയമില്ലെന്ന് വ്യക്തമാക്കി കോടതി തള്ളി.

അതേ സമയം സിബിഐ ഉദ്യോഗസ്ഥർക്കൊപ്പം കോടതിയിൽ സിബിഐയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ശ്രീരാം ഷിർസാത്ത് സീരീസ് കാണണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഡോക്യു സീരീസിനു വേണ്ടി ഇന്ദ്രാണിയുടെ മകനും കൊല്ലപ്പെട്ട ഷീന ബോറയുടെ സഹോദരനുമായ മിഖൈൽ, ഇന്ദ്രാണിക്ക് മുൻ ഭർത്താവ് പീറ്റർ മുഖർജിയിൽ പിറന്ന മകൾ വിധി മുഖർജി എന്നിവർ അടക്കം അഞ്ചു പേരെയാണ് ഇന്‍റർവ്യു ചെയ്തിരിക്കുന്നത്.