‘ഗുരുതര സംഭവം; ഉദ്യോഗസ്ഥരടക്കം നടപടി നേരിടേണ്ടി വരും’: സിദ്ധാർഥന്റെ മരണത്തിൽ ഹൈക്കോടതി

0

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്. സിദ്ധാർഥന്റെ മരണം ഗുരുതര സംഭവമാണെന്നും ഉദ്യോഗസ്ഥരടക്കം ഇതിന് ഉത്തരവാദികളായവർ നടപടി നേരിടേണ്ടതുണ്ടെന്നും ഹൈക്കോടതി. ഗവർണർ സസ്‌പെൻഡ് ചെയ്തത് ചോദ്യം ചെയ്ത് മുൻ വിസി എം.ആർ.ശശീന്ദ്രനാഥിന്റെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ.എ.സിയാദ് റഹ്മാന്‍ ഇക്കാര്യം പ്രസ്താവിച്ചത്.

‘‘ഒരു വിദ്യാർഥി മറ്റുള്ള വിദ്യാർഥികളുടെ മുന്നില്‍വച്ച് ദിവങ്ങളോളം മനുഷ്യത്വരഹിതമായ മര്‍ദനത്തിന് ഇരയായാവുകയും അത് ആത്മഹത്യയിലേക്ക് നയിക്കുകയുമാണ് ഉണ്ടായത്. ഇതിന് ഉത്തരവാദികളായവരും അറിഞ്ഞു കൊണ്ടോ ഉപേക്ഷ കൊണ്ടോ ഇത്തരമൊരു ക്രൂരമായ മർദനം തടയാനും അത് ഒരാളുടെ മരണത്തിന് കാരണമാവുകയും ചെയ്തതിൽ ഉദ്യോഗസ്ഥരും നടപടി നേരിടേണ്ടതുണ്ട്. അതുകൊണ്ട് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണത്തിൽ ഇടപെടുന്നത് ശരിയല്ല എന്ന് കോടതി കരുതുന്നു. പരാതിക്കാരനായ വിസിക്ക് തന്റെ ഭാഗം അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരാക്കാം’’, കോടതി വ്യക്തമാക്കി.

വൈസ് ചാൻസലറെ സസ്‌പെൻഡ് ചെയ്യാൻ ചാൻസലർക്ക് അധികാരമില്ലെന്നായിരുന്നു വിസിയുടെ വാദം. എന്നാൽ കോടതി ഈ വാദം തള്ളി. സിദ്ധാർഥ് ആത്മഹത്യ ചെയ്ത ഫെബ്രുവരി 18ന് താൻ സ്ഥലത്തില്ലായിരുന്നു, കോളജിലെ ഡീനിനാണ് ദൈനംദിന പ്രവർത്തനങ്ങളുടെയും ഭരണപരമായ കാര്യങ്ങളുടെയും ഉത്തരവാദിത്തം, വിവരങ്ങൾ അറിഞ്ഞപ്പോൾ തന്നെ ഉത്തരവാദികളായി കണ്ട 12 വിദ്യാര്‍ഥികളെ സസ്പെൻഡ് ചെയ്തു തുടങ്ങിയ വാദങ്ങളാണ് വിസി സസ്പെൻഡ് ചെയ്യപ്പെട്ടതിനെതിരെ പ്രധാനമായും മുന്നോട്ടു വച്ചത്.

എന്നാൽ ഫെബ്രുവരി 16 മുതൽ സിദ്ധാർഥൻ മർദനത്തിന് ഇരായായി. ഇത് സർവകലാശാല അധികൃതർ അറിയാതെ പോയെന്നത് ജോലിയിലുള്ള വീഴ്ചയാണ്. ആത്മഹത്യ ചെയ്ത നിലയിൽ സിദ്ധാർഥന്റെ മൃതദേഹം കാണുമ്പോൾ ശരീരത്തില്‍ മർദനമേറ്റ പാടുകളുണ്ടായിരുന്നു. എന്നാൽ ഫെബ്രുവരി 21ന് യുജിസിയുടെ റാഗിങ് വിരുദ്ധ സമിതി ഇതു സംബന്ധിച്ച് പരാതി നൽകുന്നതു വരെ സർവകലാശാല അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല എന്നതും കോടതി എടുത്തു പറയുന്നു.