എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കൽ തുടരുന്നു

0

കോഴിക്കോട്: വിമാനങ്ങൾ അടിക്കടി റദ്ദാക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കുന്നു. കോഴിക്കോട് നിന്നുള്ള നാല് ഫ്ളൈറ്റുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് ഞായറാഴ്ച റദ്ദാക്കിയത്. കരിപ്പൂരിൽനിന്ന് പുറപ്പെടുന്ന രണ്ട് വിമാനങ്ങളും റിയാദിൽ നിന്നും മസ്കറ്റിൽ നിന്നും പുറപ്പെടുന്ന രണ്ട് വിമാനങ്ങളും റദ്ദാക്കി. രാത്രി 8.25 നുള്ള കരിപ്പൂർ – റിയാദ് ഫ്ളൈറ്റും രാത്രി 11.30നുള്ള കരിപ്പൂർ – മസ്കറ്റ് ഫ്ളൈറ്റും രാത്രി 11.55 ന‌ുള്ള റിയാദ്- കരിപ്പൂർ ഫ്ളൈറ്റും 2.15 നുള്ള മസ്കക്റ്റ്-കരിപ്പൂർ ഫ്ളൈറ്റുമാണ് റദ്ദാക്കിയത്. കാബിൻ ക്രൂവിന്‍റെ കുറവ് മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാവിലെ കൊച്ചിയിൽ നിന്നു ഹൈദരാബാദിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് ഫ്ളൈറ്റും റദ്ദാക്കിയിരുന്നു. കഴിഞ്ഞ ദിവസം പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിലെ മൂന്ന് സർവീസുകൾ റദ്ദാക്കുകയുണ്ടായി. ശനിയാഴ്ച തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതികത്തകരാർ മൂലം അടിയന്തരമായി തിരിച്ചിറക്കി യാത്ര റദ്ദാക്കി.

വിമാനങ്ങൾ റദ്ദാക്കിയതായി മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് യാത്രക്കാർക്ക് അറിയിപ്പ് ലഭിക്കുന്നത്. നേരത്തേ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രയ്ക്ക് തയാറെടുത്തിരുന്നവർ ഇതോടെ ദുരിതത്തിലാകുന്നു. യാത്ര മുടങ്ങിയവർക്ക് ഒരാഴ്ചയ്ക്കകം പകരം ഫ്ളൈറ്റ് ടിക്കറ്റ് ലഭ്യമാക്കുമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്ന അറിയിപ്പ്.

എന്നാൽ, കൃത്യദിവസം ജോലിക്കു കയറേണ്ടവരും അടിയന്തിരാവശ്യങ്ങൾക്ക് എത്തിച്ചേരേണ്ടവരും ഇരട്ടിയിലധികം തുകയ്ക്ക് മറ്റ് ഫ്ളൈറ്റുകൾ ബുക്ക് ചെയ്ത് പോകേണ്ട ഗതികേടിലായി. ടിക്കറ്റെടുത്തവർക്ക് എയർഇന്ത്യ എക്സ്പ്രസ് റീഫണ്ട് നൽകുന്നത് ഏഴ് ദിവസത്തിന് ശേഷം മാത്രമാണ്. ഇതും യാത്രക്കാരെ വിഷമിപ്പിക്കുന്നുണ്ട്.

കാബിൻ ക്രൂവിന്‍റെ കുറവുകൊണ്ട് ഫ്ളൈറ്റ് റദ്ദാക്കേണ്ടി വരുന്നതിന്‍റെ സാഹചര്യം എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കിയിട്ടില്ല. ക്യാബിൻ ക്രൂ അംഗങ്ങൾ പ്രതിഷേധത്തിന്‍റെ ഭാഗമായി കൂട്ടത്തോടെ ജോലിക്കു വരാതെ വിട്ടു നിന്നതിനെ തുടർന്ന് അടുത്തിടെ കമ്പനിയുടെ സർവീസുകളെല്ലാം തടസപ്പെട്ടിരുന്നു. ചർച്ചകളെ തുടർന്ന് ജീവനക്കാർ സമരം അവസാനിപ്പിച്ചതോടെയാണ് സർവീസുകൾ സാധാരണ നിലയിലായത്.