സൗമ്യക്ക് അജാസിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി മകന്‍റെ മൊഴി

0

വള്ളികുന്നം: മാവേലിക്കര വള്ളികുന്നത്ത് കഴിഞ്ഞ ദിവസം പോലീസുകാരന്‍ കൊലപ്പെടുത്തിയ സിപിഒ സൗമ്യക്ക് അജാസിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി സൗമ്യയുടെ മൂത്ത മകനായ 12 വയസ്സുള്ള ഋഷികേശിന്‍റെ മൊഴി. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അജാസാണ് കാരണം എന്ന് പോലീസിനോട് പറയാൻ പറഞ്ഞിരുന്നുവെന്നും ഋഷികേശ് പറയുന്നു. അജാസ് നിരന്തരം ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നു.

അമ്മ വല്ലാതെ പേടിച്ചിരുന്നു. കാശിന്‍റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്, വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നു എന്നും സൗമ്യയുടെ മകൻ പറയുന്നു.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് കൊല്ലം ക്ലാപ്പന തണ്ടാശേരിൽ പുഷ്പാകരന്‍റെയും ഇന്ദിരയുടെയും മൂത്ത മകളായ സൗമ്യയെ പോലീസുദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്ത്തി കത്തികൊണ്ട് കുത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്. ഇവര്‍ തമ്മിൽ സൗഹൃദമുണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിരുന്നു.

തൃശ്ശൂരിൽ പോലീസ് സേനയിലെ പരിശീലന കാലത്ത് തുടങ്ങിയതാണ് സൗമ്യയും അജാസും തമ്മിലുള്ള സൗഹൃദം. ആറ് വർഷത്തെ സൗഹൃദം തകർക്കുന്ന രീതിയിലുള്ള എന്തോ സംഭവിച്ചിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അജാസിന്‍റെ മൊഴിയെടുത്താലേ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കൂ.

സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ നടക്കും. സൗമ്യയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഫോറൻസിക് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

എളമക്കരയിൽ നിന്ന് വാടകക്കെടുത്ത കാറിലാണ് അജാസ് സൗമ്യയെ കൊല്ലാന്നായി വള്ളികുന്നത്ത് എത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുളള പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.