അമിതാഭ് ബച്ചൻ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി

0

മുംബൈ: ബോളിവുഡ് മെഗാ സ്റ്റാർ അമിതാഭ് ബച്ചൻ ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനായതായി റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ചയോടെ മുംബൈയിലെ കോകിലാ ബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബച്ചന്‍റെ കാലിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയത്. ഇക്കാര്യത്തിൽ ബച്ചൻ കുടുംബം ഇതു വരെയും സ്ഥിരീകരണം നൽകിയിട്ടില്ല. എന്നാൽ എക്സിൽ എക്കാലത്തും നന്ദി എന്ന് ബച്ചൻ കുറിച്ചിട്ടുണ്ട്.

പോസ്റ്റിനു താഴെ നിരവധി പേർ പെട്ടെന്ന് സുഖപ്പെട്ട് തിരിച്ചു വരൂ എന്ന് ആശംസിച്ചിട്ടുണ്ട്. 81കാരനായ താരം കുറച്ചു കാലമായി നിരന്തരമായി ആരോഗ്യ പ്രശ്നങ്ങളാൽ വലയുകയാണ്. അടുത്തിടെ ബച്ചന്‍റെ കൈപ്പത്തിയിൽ ശസ്ത്രക്രിയ ചെയ്തിരുന്നു.

2020ൽ കോവിഡ്-19 ബാധിച്ചതിനെത്തുടർന്ന് ഒരു മാസത്തോളം ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2022ലും ബച്ചന് കൊവിഡ് ബാധിച്ചിരുന്നു.