കടയ്ക്കല്‍ ചന്ദ്രനാവാന്‍ അനില്‍ കപൂർ

0

മമ്മൂട്ടി നായകനായ ‘വണ്‍’ എന്ന ചിത്രത്തിന്റെ റീമേക്ക് അവകാശം ബോണി കപൂര്‍ സ്വന്തമാക്കി. മമ്മൂട്ടി അവതരിപ്പിച്ച ‘കടയ്ക്കല്‍ ചന്ദ്രന്‍’ എന്ന മുഖ്യമന്ത്രിയുടെ വേഷത്തില്‍ നടന്‍ അനില്‍ കപൂര്‍ എത്തുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്. 2022ല്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡിലെ പ്രമുഖ നടനും ബോണി കപൂറിന്റെ സഹോദരനും കൂടിയായ അനില്‍ കപൂര്‍ നായകനാകും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ വാര്‍ത്തകളോട് ബോണി കപൂറോ അനില്‍ കപൂറോ പ്രതികരിച്ചിട്ടില്ല.

മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍ എന്ന ചിത്രത്തിന്‍റെ റീമേക് അവകാശവും ബോണി കപൂര്‍ സ്വന്തമാക്കിയിരുന്നു. മകൾ ജാൻവി കപൂറിനെ നായികയാക്കി ചിത്രത്തിന്റെ ഹിന്ദി റീമേക്കിന് ഒരുങ്ങുകയാണ് അദ്ദേഹം.

അർജുൻ കപൂറിനെ നായകനാക്കി ജയം രവി ചിത്രം കോമാളിയുടെ ഹിന്ദി റീമേക്കിനും അദ്ദേഹം പദ്ധതിയിടുന്നുണ്ട്.സന്തോഷ് വിശ്വനാഥന്‍ ഒരുക്കിയ വണ്ണിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേയ്ക്കുള്ള റീമേക്ക് അവകാശമാണ് ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള നരസിംഹ എന്റര്‍പ്രൈസസ് എന്ന കമ്പനി നേടിയത്. കോവിഡ് ഒന്നാം തരംഗത്തിന് ശേഷം തിയേറ്ററുകളില്‍ എത്തിയ വണ്‍ മികച്ച പ്രതികരണം നേടിയിരുന്നു.