ബി.ബി.സി ഡോക്യുമെന്ററി: ജാമിയ മിലിയ സർവകലാശാലയില്‍ സംഘര്‍ഷം; അഞ്ച് വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍

0

ന്യൂഡല്‍ഹി: മോദിയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ സംഘർഷാവസ്ഥ. ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാന്‍ സർവകലാശാല അധികൃതർ അനുമതി നിഷേധിച്ചിട്ടും വിദ്യാർഥികള്‍ സംഘടിച്ചെത്തിയതിനെ തുടർന്നാണ് പോലീസുമായി സംഘർഷമുണ്ടായത്. തുടർന്ന് അഞ്ചു വിദ്യാര്‍ഥികളെ കരുതല്‍ തടങ്കലിലാക്കി.

എസ്.എഫ്.ഐ, എന്‍.എസ്.യു എന്നീ സംഘടനകളാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുമതി തേടിയത്. എന്നാല്‍ അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്ന് ഈ സംഘടനകളുടെ വിദ്യാര്‍ഥി നേതാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.എഫ്.ഐയുടെ നാലു നേതാക്കളും എന്‍.എസ്.യുവിന്റെ ഒരു നേതാവും അറസ്റ്റിലായി.

അസീസ്, നിവേദ്യ, അഭിരാം, തേജസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നാലു പേര്‍ മലയാളികളാണ്‌. വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തതിനെതിരെ ഇരു സംഘടനകളും സംയുക്തമായി പ്രതിഷേധത്തിനൊരുങ്ങുകയാണ്. വിദ്യാര്‍ഥി പ്രതിഷേധം കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ കൂട്ടംകൂടുന്നത് സര്‍വകലാശാലയില്‍ വിലക്കി. ക്യാമ്പസ് ഗേറ്റുകള്‍ അടച്ചിടച്ചിട്ടുണ്ട്. പ്രതിഷേധത്തെ മുന്നില്‍ കണ്ട് ഗ്രനേഡുള്‍പ്പടെ വന്‍ സന്നാഹങ്ങളുമായി ക്യാമ്പസ് പരിസരത്ത് പോലീസിനെ സജ്ജമാക്കി.

കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ഥികളെ മോചിപ്പിക്കണെമന്നും ക്യാമ്പസില്‍ ജനാധിപത്യം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ പ്രതിഷേധിച്ചിരുന്നു. ആറു മണിക്കാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചത്. എന്നാല്‍ ക്യാമ്പസിലെ ലൈബ്രറിയുള്‍പ്പടെ പൂട്ടിയതിനാല്‍ പ്രദര്‍ശനം നടക്കാസാധ്യതയില്ല.