നെതന്യാഹു യുഗത്തിന് അവസാനം; ഇസ്രയേലിൽ ഇനി ബെന്നറ്റ്

1

ജറുസലേം: ഇസ്രയേലിൽ 12 വർഷം നീണ്ട ബെഞ്ചമിൻ നെതന്യാഹു യുഗത്തിന് അവസാനം. നാഫ്റ്റലി ബെന്നെറ്റിനെ ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ഇസ്രായേൽ പാർലമെന്റിൽ വിശ്വാസവോട്ട് നേടിയാണ് നാഫ്റ്റലി ബെന്നറ്റ് അധികാരത്തിലെത്തിയത്.

59-നെതിരേ 60 സീറ്റുനേടിയാണ് പ്രതിപക്ഷനേതാവ് യായിർ ലാപിഡ് സഭയിൽ ഭൂരിപക്ഷം തെളിയിച്ചത്. എന്നാൽ ധാരണപ്രകാരം വലതുപക്ഷ നേതാവും യമിന പാർട്ടി അധ്യക്ഷനുമായ നഫ്ത്താലി ബെന്നറ്റിനാണ്പ്രധാനമന്ത്രി പദം. 2023 സെപ്റ്റംബർവരെയാകും ബെനറ്റിന്റെ കാലാവധി. അതിനുശേഷം ലാപിഡ് ഭരിക്കും.

വിശ്വാസ വോട്ട് നേടിയതിന് പിന്നാലെ നഫ്ത്താലി ബെന്നറ്റ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർന്ന് യായിർ ലാപിഡ് വിദേശകാര്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അതിനുശേഷം മറ്റുള്ള മന്ത്രിമാരും പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഇരുപത്തേഴംഗ പുതിയ മന്ത്രിസഭയിൽ ഒമ്പതു പേർ വനിതകളാണ്. യെഷ് അറ്റിഡ് പാർട്ടിയുടെ മിക്കി ലെവി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലെവിക്ക് 67 പാർലമെന്‍റ് അംഗങ്ങളുടെ പിന്തുണ കിട്ടി.

എഴുപത്തൊന്നുകാരനായ നെതന്യാഹു ഇസ്രയേലിൽ ഏറ്റവുമധികം കാലം ഭരിച്ച പ്രധാനമന്ത്രിയാണ്. പുതിയ സർക്കാരിനെ വൈകാതെ പുറത്താക്കുമെന്നും ലിക്വിഡ് പാർട്ടിയുടെ നേതൃസ്ഥാനത്തു തുടരുമെന്നും പാർലമെന്‍റിലെ തന്‍റെ പ്രസംഗത്തിൽ നെതന്യാഹു പറഞ്ഞു.

ഇക്കുറി അസാധാരണമായൊരു സഖ്യമാണ് പുതിയ സർക്കാരുണ്ടാക്കിയിരിക്കുന്നത്. വലതും ഇടതും മധ്യവും ആശയങ്ങളുള്ള പാർട്ടികളും അറബ് പാർട്ടിയും ചേർന്നതാണു സഖ്യം.