പോപ്പുലര്‍ ഫ്രണ്ടിന്റെ പതാകയെന്ന് കരുതി പോര്‍ച്ചുഗല്‍ പതാക വലിച്ചുകീറി ബിജെപി പ്രവര്‍ത്തകന്‍

0

ഖത്തര്‍ ലോകകപ്പിന്റെ ആഘോഷങ്ങളിലാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍. ഗ്രാമങ്ങളും നഗരങ്ങളും ആരാധകര്‍ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും പോര്‍ച്ചുഗലിന്റെയും പതാകകള്‍ കൊണ്ട് അലങ്കരിക്കുന്നുമുണ്ട്. ഇതിനിടെയാണ് കണ്ണൂരില്‍ നിന്ന് രസകരമായ സംഭവം.

പോപ്പുലര്‍ ഫ്രണ്ടിന്റെ പതാകയെന്ന് തെറ്റിദ്ധരിച്ച് പോര്‍ച്ചുഗല്‍ പതാക വലിച്ചുകീറി കളഞ്ഞ ബിജെപി പ്രവര്‍ത്തകന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ വൈദ്യര്‍പീടികയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടക്കുന്നത്.

ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് ടൗണില്‍ പോര്‍ച്ചുഗീസ് ആരാധകര്‍ കെട്ടിയ പതാകയാണ് ബിജെപി പ്രവര്‍ത്തകന്‍ വലിച്ചുകീറിയത്. ഇതിന്റെ വീഡിയോയും വൈറലായി. പതാക തുണ്ടും തുണ്ടമായി വലിച്ചുകീറിയിട്ടും ‘കലി’ തീരാതെ യുവാവ് വീണ്ടും ഇതാവര്‍ത്തിക്കുന്നത് വീഡിയോയില്‍ കാണാം.

ഇയാള്‍ മദ്യലഹരിയിലാണ് ഇങ്ങനെ ചെയ്തതെന്ന് പാനൂര്‍ പൊലീസ് പറഞ്ഞു. ഏറെക്കാലം വിദേശത്ത് ജോലി ചെയ്തിരുന്ന ഇദ്ദേഹം ഈയടുത്താണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.