റമദാനിലെ അവസാന പത്ത് ദിവസങ്ങളിലേക്ക് ഉംറ ബുക്കിങ് ആരംഭിച്ചു

0

റിയാദ്: റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിലേക്കുള്ള ഉംറ ബുക്കിങ് ആരംഭിച്ചു. സൗദി അറേബ്യയിലെ ഹജ്ജ്-ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബുക്ക് ചെയ്യാൻ ‘നുസ്ക്’ അല്ലെങ്കിൽ ‘തവക്കൽന സർവിസസ്’ ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കേണ്ടത്.

റമദാനായതോടെ ഉംറ ബുക്കിങ്ങിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കുറക്കാൻ ഘട്ടങ്ങളായാണ് പെർമിറ്റ് നൽകി കൊണ്ടിരിക്കുന്നത്. ഉംറ ചെയ്യാൻ ആഗ്രഹിക്കുന്നവർ നിര്‍ബന്ധമായും പെർമിറ്റ് നേടണമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരാൾക്ക് ഒരു ഉംറക്ക് മാത്രമേ അനുമതിയുള്ളൂ. മറ്റുള്ളവർക്ക് ഉംറ കർമങ്ങൾ സമാധാനത്തോടെയും എളുപ്പത്തിലും നിർവഹിക്കുന്നതിന് അവസരം ലഭിക്കാനാണ് ഇത്.

കഴിഞ്ഞ ഒരാഴ്ചക്കിടയിൽ മാത്രം രണ്ടര ലക്ഷം വിദേശ തീർഥാടകർ പുണ്യഭൂമിയിലെത്തിയതായാണ് കണക്ക്. ആഭ്യന്തര തീർഥാടകരുടെ വരവും ഒട്ടും കുറവല്ല. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉംറ ഏജൻസികൾ വഴിയും അല്ലാതെയും നിരവധി പേരാണ് ദിവസവും മക്കയിലേക്ക് വന്നു കൊണ്ടിരിക്കുന്നത്. കര, വ്യോമ, കടൽ തുറമുഖങ്ങളിൽ തിരക്കേറിയിട്ടുണ്ട്. ഇവിടങ്ങളിൽ സേവനത്തിന് കൂടുതൽ പേർ രംഗത്തുണ്ട്. വരും ദിവസങ്ങളിൽ പ്രത്യേകിച്ച് റമദാനിലെ അവസാന പത്ത് ദിവസങ്ങളില്‍ ആഭ്യന്തര, വിദേശ തീർഥാടകരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റമദാനിൽ മക്കയിലേക്കെത്തുന്നവരുടെ തിരക്കേറിയതോടെ വാഹന പാർക്കിങ്ങിനുള്ള സ്ഥലങ്ങൾ ട്രാഫിക് വകുപ്പ് നിർണയിച്ചു. മക്ക പട്ടണത്തിന് പുറത്ത് അഞ്ചും അകത്ത് ആറും പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയതായി ട്രാഫിക് വകുപ്പ് വ്യക്തമാക്കി. മക്ക പ്രവേശന കവാടങ്ങൾക്കടുത്താണ് ബാഹ്യ പാർക്കിങ് സ്ഥലങ്ങൾ.

ഹജ്സ് ശറാഅ, ഹജ്സ് അൽഹദാ, ഹജ്സ് നൂരിയ, ഹജ്സ് സാഇദി, ഹജ്സ് അലൈത് എന്നിവയാണത്. മക്കക്ക് പുറത്ത് നിന്നെത്തുന്നവർക്ക് ഈ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. ഇവിടങ്ങളിൽ നിന്ന് ഹറമിലേക്കും തിരിച്ചും മുഴുവൻസമയ ബസ് സർവിസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഹറമിലേക്ക് എത്തുന്നത് എളുപ്പമാക്കാൻ മക്കക്കുള്ളിൽ ആറ് പാർക്കിങ് സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. അമീർ മുത്ഇബ് പാർക്കിങ്, ജംറാത്ത്, കുദായ്, സാഹിർ, റുസൈഫ, ദഖം അൽവബർ എന്നീ പാർക്കിങ്ങുകളാണവ.