ചാള്‍സ് രാജകുമാരന് കൊവിഡ്-19 സ്ഥിരീകരിച്ചു

0

ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്റെ കൊറോണ പരിശോധനാഫലം പോസിറ്റീവ്. 71കാരനായ രാജകുമാരനു ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ലണ്ടനിലെ ക്ലാരൻസ് ഹൗസ് ഓഫിസ് അറിയിച്ചു. അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും വീട്ടിലിരുന്ന് ജോലി തുടരുന്നുണ്ടെന്നും ക്ലാരന്‍സ് ഹൗസ് വക്താവ് അറിയിച്ചു.

ഇദ്ദേഹത്തിന്റെ ഭാര്യ കാമിലയുടെ കൊവിഡ് പരിശോധനഫലം നെഗറ്റീവ് ആണ്. മാര്‍ച്ച് 12 നാണ് ചാള്‍സ് അവസാനമായി പൊതു ചടങ്ങില്‍ പങ്കെടുത്തത്. ബ്രിട്ടീഷ് രാജ്ഞി എലസബത്തിനെയും മാര്‍ച്ച് 12 നാണ് മകന്‍ ചാള്‍സ് അവസാനമായി കണ്ടത്.ചാള്‍സ് രാജകുമാരനും കാമിലയും നിലവില്‍ സ്‌കോട്ട്‌ലാന്‍ഡിലെ വസതിയില്‍ സെല്‍ഫ് ഐസൊലേഷനിലാണുള്ളത്.

നേരത്തെ കൊട്ടാരം ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തില്‍നിന്ന് മാറ്റിയിരുന്നു. വിന്‍ഡ്‌സോര്‍ കാസിലിലേക്കാണ് രാജ്ഞിയെ മാറ്റിയിരിക്കുന്നത്.

എലിസബത്ത് രാജ്ഞിക്കു ശേഷം അധികാരത്തിലേറേണ്ടയാളാണ് ചാള്‍സ് രാജകുമാരന്‍. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എലിബസത്തും സുരക്ഷാ മുന്‍ കരുതലെടുത്തിട്ടുണ്ട്. യു.കെയില്‍ നിലവില്‍ 8000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 422 പേര്‍ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തു. ചൊവ്വാഴ്ച മാത്രം 89 പേരാണ് യു.കെയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ജനങ്ങളോട് പുറത്തിറങ്ങരതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.