ബൈജു രവീന്ദ്രനെ ബൈജൂസ് സിഇഒ പദത്തിൽ നിന്ന് നീക്കാൻ വോട്ടു ചെയ്ത് ഓഹരിയുടമകൾ

0

ന്യൂഡൽഹി: എഡ്യുടെക് ബൈജൂസ് സിഇഒ പദത്തിൽ നിന്ന് ബൈജു രവീന്ദ്രനെ പുറത്താക്കാൻ വോട്ടു രേഖപ്പെടുത്തി കമ്പനിയിലെ നിക്ഷേപകരായ ഓഹരിയുടമകൾ. ഓഹരിയുടമകൾ വിളിച്ചു ചേർത്ത അസാധാരണ ജനറൽബോഡി യോഗത്തിലാണ് തീരുമാനം. വോട്ട് രേഖപ്പെടുത്തുന്നതിനായി തയാറാക്കിയ പ്രമേയം യോഗം ഏകകണ്ഠമായി പാസാക്കിയെന്നും, അറുപത് ശതമാനം വരുന്ന ഓഹരിയുടമകൾ ബൈജുവിനെതിരേ വോട്ട് രേഖപ്പെടുത്തിയെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, സ്ഥാപകന്‍റെ അസാന്നിധ്യത്തിൽ നടത്തിയ യോഗവും വോട്ടിങ്ങും സാധുവല്ലെന്ന് ബൈജു അവകാശപ്പെട്ടു. ബൈജുവും കുടുംബാംഗങ്ങളും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. അസാധാരണ യോഗം വിളിച്ചു ചേർക്കുന്നതിനെതിരേ ബൈജു കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. മാർച്ച് 13ന് കോടതി ഹർജി പരിഗണിക്കും. അതിനു ശേഷം മാത്രമേ യോഗത്തിലെ തീരുമാനങ്ങൾ സാധുവാണോ എന്നതിൽ വ്യക്തത വരൂ.

യോഗം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു. ബൈജുവിനും കുടുംബത്തിനും 26.3 ശതമാനം ഓഹരിയാണ് കമ്പനിയിൽ സ്വന്തമായുള്ളത്. ഫെമ പ്രകാരം 1,000 കോടിയോളം രൂപയുടെ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ ബൈജൂസിന്‍റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമറ്റഡിനും ബൈജു രവീന്ദ്രനും ഇഡി കാരണം കാണിക്കൽ നോട്ടീസയച്ചിരുന്നു. ബൈജുവിന് ലഭിച്ച വിദേശ നിക്ഷേപങ്ങളെയും കമ്പനിയുടെ ബിസിനസ് രീതികളെയും കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്.