കേന്ദ്ര മന്ത്രാലയങ്ങളിലെ ‘കണ്‍സള്‍ട്ടന്റ് രാജ്’

0

കേന്ദ്ര സര്‍ക്കാരിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തിന് ശതകോടികള്‍ ചെലവിട്ട് കണ്‍സള്‍ട്ടന്‍സികളുടെ സഹായം തേടുന്നു. 44 സര്‍ക്കാര്‍ വകുപ്പുകള്‍ 1,499 ബാഹ്യ കണ്‍സള്‍ട്ടന്റുകളെയാണ് നിയോഗിച്ചിരിക്കുന്നത്. ദ ഇന്ത്യന്‍ എക്‌സ്പ്രസ് വിവരാവകാശ രേഖ പ്രകാരം പുറത്തുകൊണ്ടുവന്നതാണ് ഈ കണക്കുകള്‍. ഈ ഏജന്‍സികളില്‍ ലോക പ്രശസ്തമായ Ernst & Young, PwC, Deloitte, KPMG എന്നിവരും ഉള്‍പ്പെടുന്നു. ഇവര്‍ക്കെല്ലാമായി വര്‍ഷം 302 കോടിയാണ് ചെലവിടുന്നതെന്നാണ് രേഖകള്‍ പ്രകാരം ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പറയുന്നത്. നീതി ആയോഗ് 95 പേരെയാണ് കൂടെ കൂട്ടിയിരിക്കുന്നത്. വാണിജ്യ മന്ത്രാലയം 87, പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് വകുപ്പ് 78 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

കരാര്‍ വ്യവസ്ഥയില്‍ സ്വതന്ത്ര കണ്‍സള്‍ട്ടന്റുകളെ നിയമിച്ചിരിക്കുന്നതില്‍ കാര്‍ഷിക മന്ത്രാലയമാണ് മുന്നില്‍- 86 പേരെ. നീതി ആയോഗ്-52, റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയം 41 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. ഡൊമെയ്ന്‍ എക്‌സ്‌പെര്‍ട്ടുകളുടെ കാര്യത്തില്‍ കണക്ക് ഇപ്രകാരമാണ്: കാര്‍ഷിക മന്ത്രാലയം-92, വ്യോമയാന വകുപ്പ്-70, ഗ്രാമീണ വികസനം-45.

കാര്‍ഷിക മന്ത്രാലയം ഒഴിച്ച് മറ്റ് വകുപ്പുകളും മന്ത്രാലയങ്ങളും ബാഹ്യ കണ്‍സള്‍ട്ടന്റുകള്‍ക്ക് നല്‍കുന്ന വേതനത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയെങ്കിലും യംഗ് പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ള മറ്റു കരാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന വേതനത്തില്‍ വ്യക്തത വരുത്തിയിട്ടില്ലെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്. വിവരാവകാശ രേഖകള്‍ പ്രകാരം മനസിലാകുന്നത്, യംഗ് പ്രൊഫഷണലുകള്‍ക്ക് 50,000 മുതല്‍ 75,000 വരെ ശമ്പളം കൊടുക്കുന്നുണ്ടെന്നാണ്.

സ്വതന്ത്ര കണ്‍സള്‍ട്ടന്റുകള്‍ക്കും ഡൊമെയ്ന്‍ എക്‌സ്‌പെര്‍ട്ടുകള്‍ക്കുമായി ഓരോ മന്ത്രാലയവും വകുപ്പും മാസം ഒരു ലക്ഷം മുതല്‍ നാല് ലക്ഷം വരെ ശമ്പളം നല്‍കുന്നുവെന്നാണ് വിവരം കിട്ടിയത്.

തൊഴില്‍ വകുപ്പ് നല്‍കിയ വിവരത്തില്‍ പറയുന്നത്, രണ്ട് കണ്‍സള്‍ട്ടന്റുമാര്‍ക്ക് സംയുക്തമായി മാസത്തില്‍ 7.5 ലക്ഷം നല്‍കുമെന്നാണ്. വാണിജ്യ മന്ത്രാലയത്തില്‍ നിന്നും മാസം നല്‍കുന്നത് 1.45 ലക്ഷത്തിനും 3.30 ലക്ഷത്തിനും ഇടയിലാണ്. നീതി ആയോഗ് നല്‍കുന്നത് മാസം 3.30 ലക്ഷത്തിനു മുകളില്‍ എന്നുമാണ് മാധ്യമം പറയുന്നത്.

പ്യൂണ്‍, ഡാറ്റ എന്‍ട്രി, ഹൗസ് കീപ്പിംഗ് വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡി ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയതിന് പിന്നാലെ ഈ ജോലികള്‍ക്ക് ആവശ്യമായവരെ പുറത്ത് നിന്നും സ്വകാര്യ ഏജന്‍സികള്‍ വഴി കരാര്‍ അടിസ്ഥാനത്തില്‍ എടുക്കുകയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ജി.ഇ.എം പോര്‍ട്ടല്‍ വഴിയാണ് കരാര്‍ നിയമനങ്ങള്‍ വിളിക്കുന്നത്. ഇപ്രകാരം 76 വകുപ്പുകളിലായി 20,376 പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 3,877 പേര്‍ ഹൗസ് കീപ്പിംഗ് തൊഴിലാളികളാണ്. 5,136 ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരും, 6,478 മള്‍ട്ടി-ടാസ്‌കിംഗ് സ്റ്റാഫുകളും മറ്റ് ജോലികള്‍ക്കായി 4,885 പേരും ഉള്‍പ്പെടുന്നതായി പ്രമുഖ മാധ്യമം വിവരാവകാശ രേഖകള്‍ പ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നു.