പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

0

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയിൽ രാവിലെ പത്തരക്കാണ് കൂടിക്കാഴ്ച. കെ റെയിൽ, ബഫർ സോൺ എന്നീ വിഷയങ്ങൾ ചര്‍ച്ചയായേക്കും.

വിവിധ പദ്ധതികൾക്കുള്ള വായ്പ പരിധി ഉയർത്തണമെന്ന ആവശ്യവും മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉന്നയിച്ചേക്കും. കെ റെയിൽ അനുമതിക്കായി നേരത്തെയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടിരുന്നു. സാങ്കേതിക തടസങ്ങൾ മാറ്റിയാൽ പദ്ധതിക്ക് അനുമതി കിട്ടുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ ഡിപി ആർ, ഭൂമിയേറ്റെടുക്കൽ തുടങ്ങിയ വിഷയങ്ങളിലെ അവ്യക്തത ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് റെയിൽ മന്ത്രാലയം ഇക്കഴിഞ്ഞ പാർലമെന്‍റ് സമ്മേളനത്തിലും വ്യക്തമാക്കിയത്.

സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗത്തിൽ കൂടി പങ്കെടുക്കാനായിട്ടാണ് മുഖ്യമന്ത്രി ദില്ലിയിലേക്ക് എത്തുന്നത്. ഇതിനിടയിലാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള സമയം തേടിയത്. അതേസമയം, ബഫർ സോൺ പ്രശ്നത്തിൽ സർക്കാരിന് മുന്നിൽ പരാതി പ്രളയമാണ്. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേലും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലുമാണ് പരാതികൾ എത്തുന്നത്. സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫർ പരിധിയിൽ പെട്ടതിന്റെ ഫോട്ടോകൾ സഹിതമാണ് പല പരാതികളും. ജനുവരി 11 ന് സുപ്രീംകോടതി കേസ് പരിഗണിക്കും മുൻപ് ഫീൽഡ് സർവേ നടത്തി റിപ്പോർട്ടുകൾ പുതുക്കി നൽകണം എന്നതാണ് സർക്കാരിന് മുന്നിലെ വെല്ലുവിളി.