വളര്‍ത്തു പൂച്ചയുടെ ജീവന്‍ രക്ഷിക്കാന്‍ ഏഴര ലക്ഷത്തിലധികം രൂപയുടെ ശസ്ത്രക്രിയ നടത്തി പ്രവാസി

0

അബുദാബി: വളര്‍ത്തു പൂച്ചയുടെ ജീവന്‍ രക്ഷിക്കാന്‍ ഏഴര ലക്ഷത്തിലധികം രൂപ ചെലവഴിച്ച് (35,000 ദിര്‍ഹം) ശസ്ത്രക്രിയ നടത്തിയിരിക്കുകയാണ് യുഎഇയിലെ ഒരു പ്രവാസി വനിത. ഫ്രീലാന്‍സ് എച്ച്.ആര്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന ഇന്ത്യക്കാരി സുഗന്യ ജ്യോതിലിംഗമാണ് ഏഴ് വര്‍ഷമായി തന്റെ കടുംബത്തിനൊപ്പമുള്ള എല്‍സ എന്ന പൂച്ചയെ അബുദാബിയില്‍ അപൂര്‍വ ശസ്‍ത്രക്രിയയ്ക്ക് വിധേയമാക്കിയത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായ ശേഷം എല്‍സ ഇപ്പോള്‍ സുഖം പ്രാപിക്കുന്നു.

പൂച്ചയുടെ സ്വഭാവത്തില്‍ മാറ്റം വരികയും സമ്മര്‍ദം അനുഭവിക്കുന്നതായി തോന്നുകയും ചെയ്തതായിരുന്നു ആദ്യ രോഗ ലക്ഷണം. എന്നാല്‍ അത് ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി ചെയ്യുന്നതാണെന്നായിരുന്നു സുഗന്യ ആദ്യം ധരിച്ചിരുന്നത്. എന്നാല്‍ ക്രമേണ പൂച്ചയ്ക്ക് നേരെ നടക്കാന്‍ സാധിക്കുന്നില്ലെന്ന് മനസിലായപ്പോഴാണ് സംഗതി അപകടമാണെന്ന് തോന്നിയത്. ഇതോടെ വെറ്ററിനറി ഡോക്ടര്‍മാരുടെ സഹായം തേടി. അവര്‍ എല്‍സയെ പരിശോധിച്ച് കഴിഞ്ഞ് കാര്യങ്ങള്‍ അല്‍പം ഗുരുതരമാണെന്ന് അറിയിക്കുകയായിരുന്നു.

എല്‍സയ്ക്ക് ഗുരുതരമായ ബ്രെയിന്‍ ട്യൂമറാണെന്ന് എം.ആര്‍.ഐ സ്കാന്‍ പരിശോധനയില്‍ കണ്ടെത്തി. തലയോട്ടി തുറന്നുള്ള ക്രേനിയോട്ടമി ശസ്‍ത്രക്രിയയോ അല്ലെങ്കില്‍ ദയാവധമോ തെരഞ്ഞെടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ എല്‍സയ്ക്ക് അതിജീവിക്കാന്‍ ഒരു അവസരം നല്‍കിയില്ലല്ലോ എന്ന് വിഷമം പിന്നീട് തോന്നാന്‍ പാടില്ലെന്ന് മനസിലാക്കിയ സുഗന്യ, ശസ്ത്രക്രിയ നടത്താമെന്ന് സമ്മതിച്ചു. അബുദാബിയിലെ ജര്‍മന്‍ വെറ്ററിനറി ക്ലിനിക്കായിരുന്നു രണ്ട് മണിക്കൂര്‍ നീണ്ട ശസ്‍ത്രക്രിയ. മൂന്ന് മണിക്കൂര്‍ നേരം എല്‍സയ്ക്ക് അനസ്തേഷ്യ നല്‍കി മയക്കിടത്തി. ശസ്ത്രക്രിയക്ക് ശേഷം സാധാരണ നിലയിലേക്ക് എത്താന്‍ പിന്നെയും രണ്ട് മണിക്കൂര്‍ കൂടെ എടുത്തു. 35,000 ദിര്‍ഹമാണ് ചെലവ് വന്നത്.

വലിയ ട്യൂമറാണ് എല്‍സയുടെ തലച്ചോറിലുണ്ടായിരുന്നതെന്ന് സ്‍കാനില്‍ മനസിലായതായി ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ സെര്‍ജിയോ സൊദാ സറഗോസ പറഞ്ഞു. തലയോട്ടിയില്‍ ദ്വാരമുണ്ടാക്കി മുഴ പുറത്തെടുത്തു. ശസ്ത്രക്രിയ എല്‍സ അതിജീവിക്കുമോ എന്നും അത് കഴിഞ്ഞാല്‍ എല്‍സയുടെ ന്യൂറോളജിക്കല്‍ പാറ്റേണുകളില്‍ മാറ്റം വരുമോ എന്നൊക്കെയുള്ള സംശയം ഡോക്ടര്‍മാര്‍ക്ക് ഉണ്ടായിരുന്നെങ്കിലും അങ്ങനെയൊന്നും സംഭവിച്ചില്ലെന്ന് ആശ്വാസകരമാണ്. എല്‍സ ഇപ്പോള്‍ സുഖംപ്രാപിച്ച് വരുന്നു – ഡോക്ടര്‍ പറഞ്ഞു.

പൂച്ചകളില്‍ ബ്രെയിന്‍ ട്യൂമര്‍ അപൂര്‍വമായതിനാല്‍ ഇത്തരം ശസ്‍ത്രക്രിയകളും അപൂര്‍വമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത്തരമൊരു ചികിത്സയ്ക്ക് മുമ്പ് പൂച്ചയുടെ ഉടമയ്ക്ക് അതിനോടുള്ള ബന്ധം ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ പരിശോധിക്കേണ്ടിയിരുന്നുവെന്നും അവര്‍ പറയുന്നു. ഇത്തരം എല്ലാ കടമ്പകളും കടന്ന ശേഷമാണ് ശസ്ത്രക്രിയ വിജയകമായി പൂര്‍ത്തിയായത്.