കോവിഡ്-19 ഇന്ത്യയിലാദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു. എന്നാൽ ശക്തമായ ഇടപെടലിലൂടെ ഫലപ്രദമായ പ്രതിരോധത്തിലൂടെ വ്യാപനം നിയന്ത്രിക്കാൻ നമുക്ക് കഴിഞ്ഞിരുന്നു. രാജ്യത്തിലെ മറ്റു ഭാഗങ്ങളിൽ ഭീതിജനകമായ അവസ്ഥ സംജാതമായപ്പോഴും മരണ നിരക്ക് കുത്തനെ ഉയർന്നപ്പോഴും നാം കേരളീയർ സുരക്ഷിത മേഖലയിലായിരുന്നു. 2020 മാർച്ച് അവസാനത്തോടെ കോവിഡ് ഭീഷണി കാരണം രാജ്യം അടച്ചു പൂട്ടേണ്ട അവസ്ഥയിലെത്തി. നമ്മുടെ കേരളവും ലോക്ക്ഡൗണിലായി.

ഒന്നാം വരവിനെ ആരോഗ്യകരമായി അതിജീവിച്ച കേരളത്തിന് കോവിഡിൻ്റെ രണ്ടാം തരംഗത്തെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞില്ല എന്നത് യാഥാർത്ഥ്യമാണ്. രണ്ടാം തരംഗത്തിൽ മരണം ആയിരം കടക്കുകയും ഇപ്പോൾ പതിനാലായിരത്തിന് മുകളിലെത്തി നിൽക്കുകയുമാണ്. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗ വ്യാപനമുള്ള സംസ്ഥാനമായി കേരളം മാറിത്തീർന്നിരിക്കുന്നു ‘എവിടെയോ എന്തോ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്.

അടച്ചിടലിൻ്റെയും നൽകുന്ന ഇളവുകളിലെയും അശാസ്ത്രീയത പരിശോധിക്കപ്പെടേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ ഇളവുകളും പ്രോട്ടോക്കോൾ ലംഘനങ്ങളും വിസ്മരിച്ചു കൂടാ.. ആരാധനാലയങ്ങൾ അടച്ചു പൂട്ടി മദ്യശാലകൾ യഥേഷ്ടം തുറന്നുകൊടുത്തതിലെ ന്യായീകരണം എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത സമസ്യ തന്നെയാണ്.

ഇപ്പോൾ മൂന്നാം തരംഗത്തിൻ്റെ അതിവേഗത്തിലുള്ള വരവിൻ്റെ ഭീഷണിയിലാണ് നാം. അടച്ചു പൂട്ടിയും അടിച്ചമർത്തിയും മാത്രം കോവിഡിനെ പ്രതിരോധിക്കാൻ കഴിയില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ഭരണാധികാരികൾ തയ്യാറാകേണ്ടതുണ്ട്.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ബുദ്ധിപൂർവ്വമായിരിക്കണം, യുക്തിസഹമായിരിക്കണം. വർക്ക് ഷോപ് തുറക്കാൻ അനുവദിക്കുന്ന ദിവസം സ്പെയർ പാർട്സ് കടകൾ അടക്കുകയും അത് മറ്റൊരു ദിവസം തുറക്കാൻ അനുമതി നൽകുന്നതിലെ യുക്തിയും എന്താണെന്ന് മനസ്സിലാകുന്നില്ല. ഇത്തരം തീരുമാനങ്ങൾ കാരണം എല്ലാവരും എല്ലാ ദിവസവും പുറത്തിറങ്ങേണ്ട സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്.

ഇതിലെല്ലാം പ്രധാനമാണ് വാക്സിനേഷൻ പൂർണ്ണമായി നടത്തുക എന്നുള്ളത്. വീഴ്ച കേന്ദ്രത്തിൻ്റെതായാലും സംസ്ഥാനത്തിൻ്റെതായാലും അതിൻ്റെ ഇരയായിത്തീരുന്നത് സാധാരണ മനുഷ്യരാണ്. വിവേകപൂർണ്ണമായ തീരുമാനങ്ങൾ എടുക്കാൻ ഇനിയും വൈകിക്കൂടെന്ന് മാത്രമേ പറയാൻ കഴിയുകയുള്ളൂ.