ന്യൂനമർദം തീവ്രന്യൂനമർദമായി; കേരളത്തിലെ 5 ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്

0

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് തീവ്രന്യൂനമര്‍ദം (Depression) ആയി മാറിയതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ചു ഇതൊരു ചുഴലിക്കാറ്റായി മാറിയേക്കുമെന്നും പ്രവചിക്കപ്പെട്ടിരിക്കുന്നു. ന്യൂനമര്‍ദ രൂപീകരണവും വികസവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിതീവ്രമായ മഴക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്‍വലിച്ച് ഓറഞ്ച് അലര്‍ട്ട് ആക്കിയിരുന്നു. ഇതാണ് വീണ്ടും റെഡ് അലർട്ട് ആക്കിയത്.

ശനിയാഴ്ച പുലർച്ചയോടെ കർണാടക തീരത്ത് വച്ചു ‘ടൗട്ടെ’ ചുഴലിക്കാറ്റായി മാറാനാണു സാധ്യത. ചുഴലിക്കാറ്റ് ഉഗ്ര രൂപം പ്രാപിക്കുമെന്നും വടക്കൻ കേരളത്തിൽ ചുഴലിക്കാറ്റിന്റെ സ്വാധീനമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകുന്നു. അമിനി ദ്വീപ് തീരത്തുനിന്ന് ഏകദേശം 80 കി.മീ. തെക്ക്-തെക്ക് പടിഞ്ഞാറും കേരളത്തിലെ കണ്ണൂർ തീരത്തുനിന്ന് 360 കി.മീ. പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറുമായാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറിൽ ഇത് ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി മാറുമെന്നും ശേഷമുള്ള 12 മണിക്കൂറിൽ ചുഴലിക്കാറ്റായും മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും 18നോട്‌ കൂടി ഗുജറാത്ത്‌ തീരത്തിനടുത്തെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ പ്രവചിക്കപ്പെടുന്ന ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നിരുന്നാലും ന്യൂനമർദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നിൽക്കുന്നതിനാൽ കേരളത്തിൽ വെള്ളിയാഴ്ച മുതൽ 16 വരെയുള്ള ദിവസങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പിൽ പറയുന്നു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.