ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള തലസ്ഥാന നഗരം ഡല്‍ഹി

0

ലോകത്തിലെ ഏറ്റവും മോശമായ അന്തരീക്ഷവായുവുള്ള തലസ്ഥാനനഗരം ന്യൂഡൽഹിയെന്ന് പുതിയ റിപ്പോർട്ട്. ഈ മേഖലയിൽ പഠനം നടത്തുന്ന സ്വിസ് കമ്പനിയായ ഐക്യു എയറാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്. ഐക്യരാഷ്ട്ര സംഘടനയുമായി യോജിച്ച് ഗവേഷണങ്ങൾ നടത്തുന്ന കമ്പനിയാണ് ഐക്യു എയർ.പർട്ടിക്കുലേറ്റ് മാറ്റർ 2.5 അഥവാ പിഎം 2.5 കണങ്ങളുടെ തോത് ലോകത്തെ 6475 നഗരങ്ങളിൽ പരിശോധിച്ചാണ് ഐക്യു എയർ റിപ്പോർട്ട് തയാറാക്കിയത്.

സ്വിസ് സംഘടനയായ ഐക്യു എയര്‍ (IQair) തയ്യാറാക്കിയ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിന്റെ രാജ്യതലസ്ഥാനങ്ങളുടെ പട്ടികയിലാണ് ന്യൂഡല്‍ഹി ഒന്നാം സ്ഥാനത്തെത്തിയത്. ഏറ്റവും മോശം വായു നിലവാരമുള്ള 50 നഗരങ്ങളില്‍ 35 എണ്ണവും ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

എന്നാല്‍, ചൈനയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവായതിനാല്‍ കഴിഞ്ഞ വര്‍ഷം ചൈനയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതാതായി പഠനം കണ്ടെത്തി. എമിഷന്‍ നിയന്ത്രണവും കല്‍ക്കരി വൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനവും മറ്റ് കാര്‍ബണ്‍ ഉദ്വമന വ്യവസായങ്ങളും കുറച്ചത് കാരണം തലസ്ഥാന നഗരമായ ബീജിങ്ങിലെ മലിനീകരണ തോത് കുറഞ്ഞതായും റിപ്പോർട്ടില്‍ പറയുന്നു.

ലോകത്ത് പ്രതിവർഷം 40 ലക്ഷം പേർ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ ആഘാതം മൂലം മരിക്കുന്നുണ്ടെന്നാണു ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. വായുമലിനീകരണം തടയേണ്ടത് എത്രത്തോളം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടുന്ന കാര്യമാണ് ഇത്. 2.5 മൈക്രോണിനും താഴെയുള്ള അന്തരീക്ഷ കണങ്ങൾ ശരീരത്തിൽ എത്തിയാൽ അവ ശ്വാസകോശത്തെ ഭേദിച്ച് രക്തചംക്രമണ വ്യവസ്ഥയിലേക്ക് ഇറങ്ങാം. സ്ട്രോക്, ശ്വാസകോശ അർബുദം തുടങ്ങി ഒട്ടേറെ ഗുരുതര രോഗങ്ങൾ മനുഷ്യരിൽ വരുത്താനും ഇവയ്ക്കു സാധിക്കും. ലോകത്തിലെ ഏറ്റവും മലിന അന്തരീക്ഷമുള്ള തലസ്ഥാനനഗരങ്ങളിൽ രണ്ടാം സ്ഥാനം ബംഗ്ലദേശിലെ ധാക്കയ്ക്കാണ്. എൻജമീമ (ഛാഡ്), ഡുഷാൻബെ (തജിക്കിസ്ഥാൻ), മസ്കത്ത് (ഒമാൻ) എന്നിവയാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ.

ലോകത്തെ ഏറ്റവും മലിനമായ അന്തരീക്ഷ വായുവുള്ള രാജ്യം ബംഗ്ലദേശാണ്. ഛാഡ്, പാക്കിസ്ഥാൻ, തജിക്കിസ്ഥാൻ, ഇന്ത്യ എന്നിവയാണ് ഈ പട്ടികയിൽ ആദ്യ അഞ്ചിൽ വരുന്ന രാജ്യങ്ങൾ. യുഎസിൽ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുള്ള നഗരം കലിഫോർണിയയുടെ സംസ്ഥാന തലസ്ഥാനവും പ്രധാന വ്യാവസായിക നഗരങ്ങളിലൊന്നുമായ ലൊസാഞ്ചലസാണ്. യുഎസിൽ പല നഗരങ്ങളിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗണ്യമായ തോതിൽ അന്തരീക്ഷ മലിനീകരണമുണ്ടായിട്ടുണ്ട്. അടുത്തിടെ സംഭവിച്ച വൻ തോതിലുള്ള കുറേ കാട്ടുതീകളാണ് ഇതിനു വഴിവച്ചതെന്നാണു കണക്കാക്കപ്പെടുന്നത്.

വ്യാവസായികമായ പ്രവർത്തനങ്ങൾ പ്രത്യേകിച് കൽക്കരി, പെട്രോളിയം ഉത്പന്നങ്ങൾ, പ്രകൃതി വാതകം എന്നിവ കത്തിച്ചുള്ളവയാണു അന്തരീക്ഷ മലിനീകരണത്തിനു പലപ്പോഴും ഹേതുവാകുന്നത്. ന്യൂ കലെഡോണിയ, വിർജിൻ ഐലൻഡ്സ്, പോർട്ടറീക്കോ തുടങ്ങിയവയാണ് ലോകത്ത് ജീവിക്കാൻ ഏറ്റവും നല്ല നിലവാരമുള്ള അന്തരീക്ഷവായുവുള്ള മേഖലകൾ. സ്കാൻഡിനേവിയൻ രാജ്യങ്ങൾ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും മികച്ച നിലവാരമുള്ള അന്തരീക്ഷവായുവുണ്ടെന്നും റിപ്പോർട്ട് പറയുന്നു.