ഡിജിറ്റല്‍ വാര്‍ത്താമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമം വരുന്നു

0

ന്യൂഡല്‍ഹി: അച്ചടി മാധ്യമങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ വാര്‍ത്തകളെയും നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമംകൊണ്ടുവരുന്നു. പ്രിന്റിങ് പ്രസുകളെയും പത്രങ്ങളെയും നിയന്ത്രിക്കാന്‍ ബ്രിട്ടീഷ് ഭരണകാലത്ത് 1867-ല്‍ കൊണ്ടുവന്ന അച്ചടി, ബുക്ക് രജിസ്ട്രേഷന്‍ നിയമത്തിന് പകരമാണിത്.

2019-ലെ അച്ചടി, ആനുകാലിക രജിസ്ട്രേഷന്‍ ബില്ലിലാണ് ഡിജിറ്റല്‍ വാര്‍ത്താമാധ്യമങ്ങളെക്കൂടി നിയന്ത്രണപരിധിയിലാക്കുന്നത്. 2019 നവംബര്‍ 25-ന് ബില്ലിന്റെ കരട് പുറത്തിറക്കി ജനാഭിപ്രായം തേടിയപ്പോള്‍ത്തന്നെ ഡിജിറ്റല്‍ വാര്‍ത്തകളെ നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കണമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. പിന്നീട് അനക്കമില്ലാതിരുന്ന ബില്ലാണ് ഇപ്പോള്‍ പൊടിതട്ടിയെടുത്ത് വിവിധ മന്ത്രാലയങ്ങള്‍ക്കിടയിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി മന്ത്രിസഭയുടെ അനുമതിക്കയക്കാന്‍ തയ്യാറായിരിക്കുന്നത്.

‘ഇന്റര്‍നെറ്റ്, കംപ്യൂട്ടര്‍, മൊബൈല്‍ നെറ്റ്വര്‍ക്കുകളിലൂടെ ലിഖിത, ശബ്ദ, ദൃശ്യ, ഗ്രാഫിക്സ് എന്നിവ ഡിജിറ്റല്‍ രൂപത്തില്‍ പ്രക്ഷേപണം ചെയ്യുന്ന വാര്‍ത്തള്‍’ എന്നാണ് നിര്‍വചനം. ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങളെക്കുറിച്ച് കരട് ബില്ലില്‍ കൂടുതലൊന്നും വിശദീകരിക്കുന്നില്ല.

കരട് ബില്ലില്‍ പറയുന്നത്:

  1. പുസ്തക രജിസ്ട്രേഷന്‍ സംബന്ധിച്ച നിലവിലെ വകുപ്പുകള്‍ ഒഴിവാക്കും. ഇതോടെ, പുസ്തകപ്രസിദ്ധീകരണ വ്യവസായത്തെ ഏതാണ്ട് സ്വതന്ത്രമാക്കും.
  2. പ്രസാധകരും പ്രിന്ററും ജില്ലാ മജിസ്ട്രേറ്റിന് മുന്‍പാകെ ഡിക്ലറേഷന്‍ നല്‍കി അംഗീകാരം വാങ്ങുന്ന നടപടികള്‍ ഒഴിവാക്കും.
  3. ആനുകാലികങ്ങളുടെയും പത്രങ്ങളുടെയും രജിസ്ട്രേഷന്‍ നടപടികള്‍ പ്രസ് രജിസ്ട്രാര്‍ ജനറല്‍ വഴി നിയന്ത്രിക്കും.
  4. പത്രങ്ങളിലെ സര്‍ക്കാര്‍പരസ്യങ്ങള്‍, പത്രങ്ങളുടെ അംഗീകാരം തുടങ്ങയവയ്ക്ക് ഉചിതമായ ചട്ടങ്ങളും നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും തയ്യാറാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിക്കും.
  5. ഇ-പേപ്പര്‍ രജിസ്ട്രേഷന്‍ ലളിതമാക്കും.
  6. അച്ചടി, ബുക്ക് രജിസ്ട്രേഷന്‍ (പി.ആര്‍.ബി.) നിയമത്തിലെ, പ്രസാധകരെ വിചാരണ ചെയ്യുന്ന വകുപ്പുകള്‍ ഒഴിവാക്കും.