എൻ.ആർ.മാധവമേനോൻ അന്തരിച്ചു

0

തിരുവനന്തപുരം: നിയമപണ്ഡിതനും രാജ്യത്തെ ആധുനിക നിയമ വിദ്യാഭ്യാസത്തിന്‍റെ പിതാവെന്നും അറിയപ്പെടുന്ന ഡോ എൻ ആർ മാധവമേനോൻ (84) അന്തരിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ അനന്തപുരി ആശുപത്രിയിൽ ആയിരുന്നു അന്ത്യം.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്ത് നടക്കും.

ഇരുപതാം വയസ്സിൽ അഭിഭാഷക കുപ്പായമിട്ട് കേരള ഹൈക്കോടതിയിലെത്തിയ മാധവമേനോൻ, അഭിഭാഷകനെന്നതിനേക്കാൾ നിയമ വിദ്യാഭ്യാസ വിദഗ്ധനും നിയമ അധ്യാപകനുമായാണ് അറിയപ്പെട്ടത്.ബെംഗളൂരുവിലെ നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയക്ടറായിരുന്നു മാധവമേനോന്‍. ഭോപ്പാലിലെ നാഷനൽ ജുഡീഷ്യൽ അക്കാദമിയുടെ ആദ്യ ഡയറക്ടറായും കൊൽക്കത്തയിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ജുഡീഷ്യൽ സയൻസസിന്റെ വൈസ് ചാൻസലറായും പ്രവര്‍ത്തിച്ചു.നിയമരംഗത്തിനു നൽകിയ സംഭാവനകളെ മാനിച്ചു 2003– ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

ദില്ലി സര്‍വകലാശാലയിലും പോണ്ടിച്ചേരി സര്‍വകലാശാലയിലും അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം വഞ്ചിയൂരില്‍ മാധവത്ത് വിലാസം തോപ്പിൽ വീട്ടിൽ രാമകൃഷ്ണ മേനോന്‍റെയും ഭവാനിയമ്മയുടെയും മകനായി 1934ല്‍ ആണ് മാധവമേനോന്‍ ജനിച്ചത്. കേരള സർവകലാശാലയിൽനിന്ന് ബിരുദവും പഞ്ചാബ് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം അലിഗഢ്‌ സർവകലാശാലയിൽനിന്ന് എൽഎൽ.എം., പിഎച്ച്.ഡി. ബിരുദവും നേടി. 1956-ൽ കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു.