ഇനി റെയില്‍വെ സ്റ്റേഷനുകളില്‍ വായുവില്‍നിന്ന് കുടിവെള്ളം; ലിറ്ററിന് 5 രൂപ

0

ഇതാ ഇനിമുതൽ ഇന്ത്യന്‍ റെയില്‍വെ വായുവില്‍നിന്ന് കുടിവെള്ളം ഉത്പാദിപ്പിച്ച് യാത്രക്കാര്‍ക്ക് നല്‍കുന്നു. സൗത്ത് സെന്‍ട്രല്‍ റെയില്‍വെ ഇതാദ്യമായി സെക്കന്ദരാബാദ് റെയില്‍വെ സ്റ്റേഷനില്‍ സംവിധാനം സ്ഥാപിച്ചുകഴിഞ്ഞു. ‘മേഘദൂത്’ എന്നാണിതിന് പേരിട്ടിരിക്കുന്നത്. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി മൈത്രി അക്വാടെക് ആണ് പദ്ധതി നടപ്പാക്കുന്നത്. കിയോസ്‌ക് വഴി പ്രതിദിനം 1000 ലിറ്റര്‍ വെള്ളം ഉത്പാദിപ്പിക്കാന്‍ കഴിയും.

കുടിവെള്ളം ശേഖരിക്കുന്നതിന്റെ ഘട്ടങ്ങള്‍ താഴെ പറയുന്നു:

എയര്‍ ഫില്‍റ്റര്‍വഴി വായുവില്‍നിന്ന് ആദ്യം ജലകണം ആഗിരണംചെയ്‌തെടുക്കുന്നു. വായുവില്‍ നിന്ന് ലഭിക്കുന്ന ജലകണം കണ്ടന്‍സര്‍ പ്രതലത്തിലൂടെ കടത്തിവിടുന്നു. വായുവില്‍നിന്ന് ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിച്ച് ധാതുക്കള്‍ വേര്‍തിരിച്ചശേഷം കുടിക്കാന്‍ യോഗ്യമാക്കുന്നു. തുടര്‍ന്ന് ടാങ്കില്‍ ശേഖരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പാലിച്ചുകൊണ്ട് ശുദ്ധീകരിച്ച വെള്ളം വിതരണത്തിന് തയ്യാറാക്കുന്നു.

രണ്ടുരൂപമുതല്‍ എട്ടുരൂപവരെയാണ് ഇത്തരത്തില്‍ ശേഖരിക്കുന്ന കുടുവെള്ളത്തിന് റെയില്‍വെ ഈടാക്കുന്നത്. സ്വന്തമായി കുപ്പികൊണ്ടുവരുന്നവര്‍ക്ക് ലിറ്ററിന് 5 രൂപ നല്‍കിയാല്‍ മതി. കുപ്പിയില്‍ നിറച്ച ഒരു ലിറ്റര്‍ കുടിവെള്ളത്തിന് എട്ട് രൂപ നല്‍കണം. 300 മില്ലീലിറ്റര്‍ വെള്ളം ഗ്ലാസോടുകൂടി മൂന്നുരൂപയ്ക്ക് ലഭിക്കും. പാത്രം കയ്യിലുണ്ടെങ്കില്‍ രണ്ടുരൂപയാണ് ഈടാക്കുക. 500 എംഎല്‍ വെള്ളത്തിന് 5 രൂപയും കുപ്പി കയ്യിലുണ്ടെങ്കില്‍ മൂന്നുരൂപയും നല്‍കണം.