തീവെപ്പുണ്ടായ കോച്ചില്‍ NIA സംഘത്തിന്റെ പരിശോധന; യു.പിയില്‍ രണ്ട് പേരെ ചോദ്യം ചെയ്തു

0

കോഴിക്കോട്/കണ്ണൂര്‍: എലത്തൂരില്‍ ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) പരിശോധനയ്‌ക്കെത്തി. അക്രമസംഭവം അരങ്ങേറിയ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ രണ്ടുകോച്ചുകളാണ് എന്‍.ഐ.എ. സംഘം ചൊവ്വാഴ്ച പരിശോധിച്ചത്. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ യാര്‍ഡിലാണ് തീവെയ്പ്പുയ്പ്പുണ്ടായ ഡി-1 ബോഗിയും ഡി-2 ബോഗിയുമുള്ളത്. ചൊവ്വാഴ്ച കണ്ണൂരിലെത്തിയ മൂന്നംഗ എന്‍.ഐ.എ. സംഘം ഈ രണ്ട് ബോഗികളും വിശദമായി പരിശോധിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും ശേഖരിച്ചു.

ആര്‍.പി.എഫ്. ദക്ഷിണ റെയില്‍വേ സോണല്‍ ഐ.ജി. ഈശ്വരറാവുവും ബുധനാഴ്ച കണ്ണൂരില്‍ പരിശോധനയ്‌ക്കെത്തി. റെയില്‍വേ സ്‌റ്റേഷനുകളിലെയും ട്രെയിനുകളിലെയും സുരക്ഷ വര്‍ധിപ്പിക്കുമെന്ന് പരിശോധനയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, എലത്തൂര്‍ ട്രെയിന്‍ തീവെപ്പുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ വ്യാപക അന്വേഷണം നടക്കുന്നതായാണ് വിവരം. സമാനപേരുള്ള രണ്ടുപേരെ ഉത്തര്‍പ്രദേശ് എ.ടി.എസ് കസ്റ്റഡിയിലെടുത്തതായും ഇവരെ പിന്നീട് വിട്ടയച്ചെന്നും സൂചനകളുണ്ട്. ഉത്തഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍നിന്നും മോദിനഗറില്‍നിന്നുമാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.