കർഷകർക്ക് നേരെ വീണ്ടും വാതകം പ്രയോഗിച്ചു; ഡൽഹി ചലോ മാർച്ചിൽ സംഘർഷം

0

‘ഡൽഹി ചലോ’ പ്രതിഷേധ മാർച്ചിൽ സംഘർഷം. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ കർഷകർക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ച് പൊലീസ്. വിളകൾക്ക് മിനിമം താങ്ങുവില ഗ്യാരൻ്റി സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് കർഷകർ സമരം പുനരാരംഭിച്ചത്. അതേസമയം കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്രം.

കർഷക സമരത്തെ നേരിടാൻ വലിയ മുന്നൊരുക്കങ്ങളാണ് പൊലീസ് നടത്തിയിട്ടുള്ളത്. മാർച്ച് തടയുന്നതിനായി കോൺക്രീറ്റ് ബീമുകൾ, മുൾവേലികൾ, ആണികൾ, വലിയ ഷിപ്പിംഗ് കണ്ടെയ്നറുകൾ തുടങ്ങിയവയും പൊലീസ് ഒരുക്കിയിട്ടുണ്ട്. ബാരിക്കേഡുകൾ പൊളിക്കാൻ സമരക്കാർ കൊണ്ടുവന്ന ഉപകരണങ്ങൾ പിടിച്ചെടുക്കാൻ ഹരിയാന പൊലീസ് പഞ്ചാബ് പൊലീസിനോട് അഭ്യർത്ഥിച്ചു. കര്‍ഷകര്‍ക്ക് യന്ത്രങ്ങള്‍ നല്‍കരുതെന്ന് നാട്ടുകാർക്കും നിർദ്ദേശമുണ്ട്.

പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പൊളിക്കാൻ ഹൈഡ്രോളിക് ക്രെയിൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കർഷകരും ഒരുക്കിയിട്ടുണ്ട്. കണ്ണീര്‍ വാതകത്തെ തടയാനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഹെല്‍മറ്റുകളും കര്‍ഷകരുടെ പക്കലുണ്ട്. 1200 ട്രാക്ടർ ട്രോളികൾ, 300 കാറുകൾ, 10 മിനി ബസുകൾ എന്നിവയുമായി 14,000 കർഷകർ ഇതിനോടകം ശംഭുവിൽ എത്തിയിട്ടുണ്ട്. അതേസമയം കർഷകരുമായി ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് കേന്ദ്രമന്ത്രി അർജുൻ മുണ്ട രംഗത്തെത്തി.