ഒറ്റ വിസയിൽ എല്ലാ ​ഗൾഫ് രാജ്യങ്ങളും ചുറ്റി കാണാം; വരുന്നൂ ഏകീകൃത ടൂറിസ്റ്റ് വിസ, അം​ഗീകാരം നൽകി

0

അബുദാബി: ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അം​ഗീകാരം നൽകി ജിസിസി രാജ്യങ്ങൾ. ​ഗൾഫ് രാഷ്ട്രങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ യോ​ഗത്തിലാണ് ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ അം​ഗീകരിച്ചത്. മസ്കറ്റിൽ ചേർന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ 40-ാമത് യോ​ഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമെടുത്തു. യോ​ഗത്തിൽ‌ ജിസിസി സെക്രട്ടറി ജനറൽ‌ ജാസിം അൽ ബുദൈവിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

യോഗത്തിൽ ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി അധ്യക്ഷത വഹിച്ചു. ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ്​ റാശിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ, യു.എ.ഇ ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറൽ ശൈഖ്​ സായിഫ്​ സായിദ് അൽ നഹ്​യാൻ, സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് സൗദ് അൽസൗദ്, ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ്​ ഖലീഫ ബിൻ ഹമദ് ആൽഥാനി, കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് എന്നിവരും യോഗത്തില്‍‌ പങ്കെടുത്തു.

ജിസിസി രാജ്യങ്ങളിലെ ​ഗതാ​ഗത നിയമലംഘനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് പദ്ധതിയുടെ ഒന്നാം ഘട്ടത്തിനും യോ​ഗത്തിൽ തുടക്കമായി. ഷെങ്കൻ വിസ മാതൃകയിൽ ഒറ്റ വിസ കൊണ്ട് മറ്റ് എൻട്രി പെർമിറ്റുകളുടെ ആവശ്യമില്ലാതെ ആറ് ജിസിസി രാജ്യങ്ങളും സന്ദർശിക്കാൻ കഴിയുന്നതാണ് ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി. നിലവിൽ ജിസിസി പൗരന്മാർക്ക് ആറ് രാജ്യങ്ങളിലേക്കും സൗജന്യമായി പ്രവേശിക്കാനാകും. പക്ഷേ ജിസിസി രാജ്യങ്ങളിലെ താമസക്കാർക്കും സന്ദർശകർക്കും ഓരോ രാജ്യത്തേക്കും പ്രവേശിക്കുന്നതിന് അതത് രാജ്യങ്ങളുടെ വിസകൾ ആവശ്യമാണ്. ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അം​ഗീകാരമാവുന്നതോടെ ഒരു വിസയിൽ മറ്റ് എൻട്രി പെർമിറ്റുകളുടെ ആവശ്യമില്ലാതെ ആറ് ജിസിസി രാജ്യങ്ങളിലും സന്ദർശനം നടത്താനാകും.

ഒറ്റ വീസയിൽ 6 ജിസിസി രാജ്യങ്ങളും സന്ദർശിക്കാവുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ രണ്ടു വർഷത്തിനകം യാഥാർഥ്യമാകും. 2030 ആകുമ്പോൾ 12.87 കോടി ടൂറിസ്റ്റുകളെ ഗൾഫിൽ എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.