പ്രമേഹ പരിചരണ മേഖലയിൽ ഇന്ത്യ ഏറെ പിന്നിൽ: ആഗോള വിദഗ്ധർ

0

കൊച്ചി: രാജ്യത്തെ പ്രമേഹ പരിചരണ മേഖല ഈ രംഗത്തെ സാങ്കേതിക മുന്നേറ്റത്തിന്‍റെ നേട്ടങ്ങൾ ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ക്രൗൺ പ്ലാസയിൽ നടക്കുന്ന ഡിടെക്‌കോൺ 2024 രണ്ടാം ദിനത്തിലാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമേഹ ചികിത്സാ വിദഗ്ധർ ഇക്കാര്യം പങ്കുവെച്ചത്.

വികസിത രാജ്യങ്ങളിൽ, പ്രമേഹ പരിചരണത്തിനുള്ള സാങ്കേതികവിദ്യകൾ ഇൻഷുറൻസ് ഉടമകളോ സർക്കാരോ ആണ് നൽകുന്നത്. ഇവയിൽ പലതും പ്രമേഹ പരിചരണത്തിന്‍റെ ചിലവ് ഗണ്യമായി കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഈ രംഗത്തെ സ്വീകാര്യത വളരെ കുറവാണ്. അജ്ഞതയാണ് ഇതിന്‍റെ പ്രധാന കാരണം. യുഎസിയിൽ നിന്നുള്ള ഡോ. റോബർട്ട് വിഗർസ്‌കി, ഡോ. പ്രതീക് ചൗധരി (യുകെ), ഡോ. വിരൽ ഷാ (യുഎസ്), ഡോ വാറൻ ലീ (സിംഗപ്പൂർ), ഡോ ജൂലിയ മേദർ (ഓസ്ട്രിയ) തുടങ്ങിയവരാണ് ആശങ്ക പങ്കുവെച്ചത്.

ഡോ. വിഗർസ്‌കി ഓട്ടോമേറ്റഡ് ഇൻസുലിൻ ഡെലിവറി സംവിധാനത്തെക്കുറിച്ച് സംസാരിച്ചു. “ഓട്ടോമേഷനിലെ മുന്നേറ്റം കൊണ്ട് ഇൻസുലിൻ ആവശ്യമുള്ളവർക്ക് ഗ്ലൂക്കോസ് കുറയുമെന്ന ഭയമില്ലാതെ ഇൻസുലിൻ നല്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രമേഹ ചികിത്സയിൽ തുടർച്ചയായ ഗ്ലൂക്കോസ് മോണിറ്ററിങ്ങിന്‍റെ (സിജിഎം) പ്രസക്തി വർധിക്കുമെന്നും ഈ മേഖലയിലെ ഗവേഷണത്തിൽ നിക്ഷേപം നടത്തേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും ഡോ.വിരൽ ഷാ പറഞ്ഞു. സമ്മേളനത്തിന്‍റെ രണ്ടാം ദിവസത്തെ വിവിധ സെഷനുകളിൽ, സാങ്കേതികവിദ്യയിലെ വെല്ലുവിളികൾ, ഗർഭകാലത്തെ പ്രമേഹം, സിജിഎം പ്രയോഗം തുടങ്ങിയ വിഷയങ്ങളിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ സംസാരിച്ചു.

മൂന്നുദിവസത്തെ സമ്മേളനം ഞായറാഴ്ച സമാപിക്കും. പ്രമേഹ ചികിത്സാ രംഗത്ത് നിർമിത ബുദ്ധിയുടെ സാധ്യതകളെ കുറിച്ചുള്ള ശിൽപശാല ഞായറാഴ്ച നടക്കും.