കനത്ത മഴ: കുമളി ടൗണിൽ വെള്ളം കയറി; കല്ലാർ ഡാം തുറന്നു

0

ഇടുക്കി: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്.

ഇടുക്കിയിലെ മലയോര മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് കുമളി ടൗണിലും കട്ടപ്പന പാറക്കടവിലും കടകളിൽ വെള്ളം കയറി. മുല്ലപ്പെരിയാർ ഇടുക്കി അണക്കെട്ടുകളിൽ (Idukki dam) ജലനിരപ്പ് ഉയർന്നു. കുമളി ടൗൺ, തേക്കടി ബൈപാസ് റോഡ്, റോസാപ്പൂക്കണ്ടം തുടങ്ങിയ മേഖലകളിലാണ് വെള്ളം കയറിയത്. കൊട്ടാരക്കര – ഡിണ്ടുക്കൽ ദേശീയ പാതയിൽ കുമളി ടൗണിൽ വെള്ളം കയറിയതോടെ അര മണിക്കൂറോളം ഭാഗികമായി ഗതാഗതവും തടസ്സപ്പെട്ടു. മഴ കുറഞ്ഞതോടെ വെളളം ഇറങ്ങി.

അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിലും മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. കട്ടപ്പന പാറക്കടവിൽ തോട് കരകവിഞ്ഞു. വൃഷ്ടി പ്രദേശത്തെ കനത്ത മഴമൂലം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.30 അടിയായി ഉയർന്നു. മുല്ലപ്പെരിയാർ ജലനിരപ്പ് 140.75 അടിയായി ഉയർന്നു.

കല്ലാർ ഡാം തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകളാണ് ബുധനാഴ്ച രാത്രി 11 മണിയോടെ തുറന്നത്. പത്ത് സെൻ്റീമീറ്റർ വീതം ഇരു ഷട്ടറുകളും ഉയർത്തി. 10 ക്യൂമെക്സ് ജലമാണ് ഒഴുക്കി വിടുന്നത്.

കല്ലാർ റിസർവോയറിൽ പരമാവധി ജലനിരപ്പ് 824.48 മീറ്ററും റെഡ് അലർട്ട് 823.50 മീറ്ററുമാണ്. ജലനിരപ്പ് റെഡ് അലേർട്ട് ലെവൽ എത്തിയ സാഹചര്യത്തിലാണ് ഡാം തുറക്കുന്നത്. കല്ലാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.