0

മസ്‍കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ് രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തതിന്റെ മൂന്നാം വാർഷികം പ്രമാണിച്ച് രാജ്യത്ത് ജനുവരി 12ന് പൊതു അവധി പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ മറ്റ് നിയമ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് ജനുവരി 12ന് ഔദ്യോഗിക അവധിയായിരിക്കുമെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ രാജകീയ ഉത്തരവിൽ പറയുന്നു.

ഒമാനിലെ ഔദ്യോഗിക അവധി ദിനങ്ങള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചു കൊണ്ട് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 88/2022 എന്ന നമ്പറിലുള്ള ഉത്തരവില്‍ ഒമാനിലെ സര്‍ക്കാര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും പൊതു മേഖലയ്‍ക്കും ഒപ്പം സ്വകാര്യ മേഖലയ്‍ക്കും ബാധകമായ അവധി ദിനങ്ങളാണ് നിജപ്പെടുത്തിയിരിക്കുന്നത്.

സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ് പ്രകാരം അവധി ദിനങ്ങള്‍ ഇവയാണ്

  1. ഹിജ്റ പുതുവര്‍ഷാരംഭം (അറബി മാസമായ മുഹറം – 1)
  2. നബി ദിനം (അറബി മാസം റബീഉല്‍ അവ്വല്‍ – 12)
  3. ഇസ്റാഅ് മിഅ്റാജ് (അറബി മാസം റജബ് 27)
  4. ദേശീയ ദിനം (നവംബര്‍ 18 – 19)
  5. സുല്‍ത്താന്‍ രാജ്യത്തിന്റെ അധികാരമേറ്റെടുത്ത ദിവസം (ജനുവരി 11)
  6. ചെറിയ പെരുന്നാള്‍ (റമദാന്‍ മാസം 29 മുതല്‍ ശവ്വാല്‍ മൂന്നാം തീയ്യതി വരെ)
  7. ബലി പെരുന്നാള്‍ (അറബി മാസം ദുല്‍ഹജ്ജ് ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെ)