സച്ചിന്‍റെ റെക്കോഡിനൊപ്പം കോലി

0

കൊൽക്കത്ത: ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ വിരാട് കോലി, ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറി എന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കോഡിന് ഒപ്പമെത്തി; അതും തന്‍റെ ജന്മദിനത്തിൽ. ടൂർണമെന്‍റിൽ രണ്ടാം സെഞ്ചുറി കണ്ടെത്തിയ കോലി, കരിയറിൽ 49ാം ഏകദിന സെഞ്ചുറിയാണ് പൂർത്തിയാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 റൺസും നേടി.

നേരത്തെ, ടോസ് നേടിയ രോഹിത് ശർമ ബാറ്റിങ് തെരഞ്ഞെടുക്കുകയിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തിയപ്പോൾ ദക്ഷിണാഫ്രിക്കൻ നിരയിൽ ജറാൾഡ് കോട്സെയ്ക്ക് പകരം തബരീസ് ഷംസി തിരിച്ചെത്തി.

പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയും നേർക്കുനേർ എത്തുമ്പോൾ വമ്പൻ മത്സരം പ്രതീക്ഷിച്ചാണ് ഈഡൻ ഗാർഡനിൽ ആരാധകർ തടിച്ചു കൂടിയത്. അവരെ നിരാശപ്പെടുത്താതെ തുടക്കത്തിൽ തന്നെ തകർത്തടിച്ചു രോഹിത്. 5.5 ഓവറിൽ സ്കോർ 62 എത്തിയതോടെ രോഹിത് പുറത്തായി. 24 പന്തിൽ 40 റൺസായിരുന്നു സംഭാവന. 11ാം ഓവറിൽ ശുഭ്‌മൻ ഗില്ലും (23) പുറത്തായതോടെ റൺ റേറ്റ് കുറഞ്ഞു.

വേഗം കുറഞ്ഞ വിക്കറ്റിൽ സൂക്ഷ്മതയോടെ കളിക്കുക എന്ന പദ്ധതിയാണ് വിരാട് കോലിയും ശ്രേയസ് അയ്യരും നടപ്പാക്കിയത്. ഇരുവരും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 134 റൺസ് ചേർക്കുകയും ചെയ്തു. ശ്രേയസും (87 പന്തിൽ 77) കെ.എൽ. രാഹുലും (8) സൂര്യകുമാർ യാദവും (14 പന്തിൽ 22) പുറത്തായപ്പോഴും കോലി ഒരറ്റത്ത് ഉറച്ചു നിന്നു.

ഏഴാം നമ്പറിലിറങ്ങിയ രവീന്ദ്ര ജഡേജയാണ് പ്രതീക്ഷയ്ക്കപ്പുറത്തേക്ക് ഇന്ത്യൻ സ്കോർ കൊണ്ടുപോയത്. ജഡേജ 15 പന്തിൽ 29 റൺസെടുത്ത് പുറത്താകാതെ നിന്നു. കോലിയുമൊത്ത് എട്ടാം വിക്കറ്റിൽ 41 റൺസും കൂട്ടിച്ചേർത്തു. കോലി 121 പന്തിൽ 101 റൺസെടുത്ത് പുറത്താകാതെ നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.