ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ സഞ്ജു സാംസൺ കളിച്ചേക്കും

0

മുംബൈ∙ ശ്രീലങ്കയ്ക്കെതിരായ ഏകദിന, ട്വ‌ന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ഏകദിന ടീമിലേക്ക് ക്യാപ്റ്റൻ രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, ഓൾ റൗണ്ടർ രവീന്ദ്ര ജ‍ഡേജ എന്നിവർ തിരിച്ചെത്തും. എന്നാൽ ഇവരെ ട്വന്റി20 ടീമിലേക്കു പരിഗണിക്കാൻ സാധ്യത കുറവാണ്. ഹാർദിക് പാണ്ഡ്യ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനാകുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

വിരാട് കോലിയും കെ.എൽ. രാഹുലും ട്വന്റി20 പരമ്പര കളിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. ട്വന്റി20യിൽ മോശം പ്രകടനം നടത്തുന്ന ഋഷഭ് പന്തിനു പകരം മലയാളി താരം സഞ്ജു സാംസണെ കളിപ്പിച്ചേക്കും. സഞ്ജുവിനൊപ്പം ഇഷാൻ കിഷനെയും ബിസിസിഐ പരിഗണിക്കും. രോഹിത് ശർമയുടെ പരുക്കിനെക്കുറിച്ചുള്ള പൂർണമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ബംഗ്ലദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തിനിടെയാണ് രോഹിത്തിന് വിരലിനു പരുക്കേറ്റത്. ഫീൽഡിങ്ങിനിടെ പരുക്കു പറ്റിയെങ്കിലും താൽക്കാലിക ചികിത്സ തേടിയ ശേഷം താരം കളി തുടരുകയായിരുന്നു. പരുക്ക് വഷളായതോടെ മൂന്നാം ഏകദിനത്തിലും ടെസ്റ്റ് പരമ്പരയിലും രോഹിത് ശർമ കളിച്ചിരുന്നില്ല.

ജനുവരി മൂന്നിന് മുംബൈയിലാണ് ആദ്യ ട്വന്റി20 മത്സരം. അഞ്ചിന് പുണെയിലും ഏഴിനു രാജ്കോട്ടിലുമാണ് രണ്ടും മൂന്നും മത്സരങ്ങൾ. പത്താം തീയതി ഗുവാഹത്തിയിലാണ് ആദ്യ ഏകദിനം. രണ്ടാം പോരാട്ടം 12ന് കൊൽക്കത്തയില്‍. അവസാന ഏകദിന മത്സരം 15ന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കും.