പ്രണയത്തിനായി രാജപദവി ഉപേക്ഷിച്ച് ജാപ്പനീസ് രാജകുമാരി: കൂട്ടുകാരനുമായി റജിസ്റ്റർ വിവാഹം

1

തന്റെ പ്രിയപെട്ടവനോളം വലുതല്ല രാജപദവിയും സ്വത്തുക്കളുമെന്ന് ഊട്ടിയുറപ്പിച്ച് കൊമുറോവിന്റെ കൈ കോർത്തു പിടിച്ചു മാകോ രാജകുമാരി. ജപ്പാനീസ് രാജകുടുംബത്തിലെ അംഗമായ മാകോ രാജകുമാരി പതിവില്‍നിന്നും വ്യത്യസ്തമായി രാജകുടുംബത്തിനു പുറത്തുള്ള ഒരാളെയാണ് വിവാഹം ചെയ്തത്.

ജപ്പാനീസ് രാജകുടുംബത്തിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് ഇതോടെ രാജകുമാരി രാജകീയ പദവിയില്‍നിന്നും പുറത്തായി. വലിയ വിവാദങ്ങള്‍ക്കിടയിലാണ് രാജകുമാരി കോളജ് കാലത്തെ കൂട്ടുകാരനും കാമുകനുമായ കെയി കൊമുറോയെ വിവാഹം ചെയ്തത്.

ചക്രവർത്തി നരുഹിതോയുടെ ഇളയ അനുജനും കിരീടാവകാശിയുമായ അകിഷിനോയുടെയും കികോയുടെയും മകളാണ് മാകോ. സാധാരണക്കാരനായ കൊമുറോവിനെ വിവാഹം ചെയ്തതോടെ ജപ്പാനിലെ രീതിയനുസരിച്ചു മാകോയ്ക്കു രാജകീയ പദവി നഷ്ടമായി. എന്നാല്‍, ഈ നിയമം രാജകുടുംബത്തിലെ പുരുഷന്‍മാര്‍ക്ക് ബാധകമല്ല. സ്ത്രീധനമായി അവകാശപ്പെട്ട 9.2 കോടി രൂപ (14 കോടി യെൻ) മാകോ വേണ്ടെന്നു വയ്ക്കുകയും ചെയ്തു.

രാജകീയ ആചാരങ്ങളോ സൽക്കാരമോ ഇല്ലാതെ റജിസ്റ്റർ ഓഫിസിൽ നടന്ന വിവാഹശേഷം ഇരുവരും മാധ്യമങ്ങളെകാണുകയായിരുന്നു. സാധാരണ കുടുംബത്തില്‍ പിറന്ന കെയി കൊമുറോയെയാണ് രാജകുമാരി വിവാഹം ചെയ്തത്. കോളജ് കാലം മുതലുള്ള പ്രണയബന്ധത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്.

വിവാഹശേഷം രാജകുമാരി അമേരിക്കയിലേക്ക് പോവും. അവിടെ അഭിഭാഷകനായി ജോലി ചെയ്യുകയാണ് വരന്‍ കെയി. ജപ്പാന്‍ വിട്ടു പോവുന്ന രാജകുമാരിയുടെ നടപടിയിലും പ്രതിഷേധമുയര്‍ന്നിരുന്നു.

മാകോയും കൊമുറോവും 2018 ൽ വിവാഹം പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ, കൊമുറോവിന്റെ മാതാവിന്റെ പേരിലുണ്ടായ സാമ്പത്തിക ആരോപണം കാരണം ചടങ്ങ് വൈകി. വിവാദങ്ങളും പ്രണയത്തോടുള്ള എതിർപ്പും കാരണമുണ്ടായ മാനസിക സമ്മർത്തിനു ചികിത്സയിലായിരുന്ന മാകോ സുഖം പ്രാപിച്ചു വരികയാണ്. ദമ്പതികൾ വൈകാതെ ന്യൂയോർക്കിലേക്കു താമസം മാറും.