ക്ലബ് ലൈസൻസ് എടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഊർജിത ശ്രമം

0

കൊച്ചി: ക്ലബ് ലൈസൻസിനുള്ള അപേക്ഷ ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ഫെഡറേഷൻ നിരസിച്ചതിനെത്തുടർന്ന് പരിഹാര നടപടികൾക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഊർജിത ശ്രമം തുടങ്ങി. ബ്ലാസ്റ്റേഴ്സിന്‍റെ ഹോം ഗ്രൗണ്ടായ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ സുരക്ഷാ പ്രശ്നങ്ങളും അടിസ്ഥാന സൗകര്യങ്ങളിലെ പരിമിതിയും ചൂണ്ടിക്കാട്ടിയാണ് ലൈസൻസ് അപേക്ഷ നിരസിച്ചിരിക്കുന്നത്.

പോരായ്മകൾ പരിഹരിച്ചാൽ അപേക്ഷ വീണ്ടും സമർപ്പിക്കാൻ അവസരമുണ്ട്. ഈ സാഹചര്യത്തിൽ, സ്റ്റേഡിയത്തിന്‍റെ ഉടമസ്ഥരായ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്‍റ് അഥോറിറ്റിയുമായി (ജിസിഡിഎ) സഹകരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനാണ് ബ്ലാസ്റ്റേഴ്സ് അധികൃതരുടെ ശ്രമം.

കഴിഞ്ഞ വർഷം കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സിന്‍റെ മത്സരം വീക്ഷിക്കാൻ എഎഫ്സി സെക്രട്ടറി ജനറൽ വിൻഡ്സർ ജോൺ എത്തിയിരുന്നു. അപേക്ഷ പരിഗണിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായിരുന്നു ഇത്. കൊച്ചിയിലെ മത്സരത്തിൽ കാണികളുടെ പങ്കാളിത്തത്തിൽ ജോൺ പൂർണ തൃപ്തിയാണ് അറിയിച്ചത്.

എന്നാൽ, കാണികളും കളിക്കാരും ഇടകലർന്നു സ്റ്റേഡിയം വിട്ടിറങ്ങുന്നതു സുരക്ഷാ വീഴ്ചയാണെന്ന് അദ്ദേഹം റിപ്പോർട്ട് ചെയ്തു. ഇതിനു പുറമേ, സ്റ്റേഡിയത്തിൽ കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും എഎഫ്സി മാനദണ്ഡങ്ങൾക്കു വിരുദ്ധമാണെന്ന് അദ്ദേഹം കണ്ടെത്തി. റസ്റ്ററന്‍റുകളിൽ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്നതും മത്സര ദിവസങ്ങളിൽ കച്ചവട സ്ഥാപനങ്ങൾ തുറക്കുന്നതും എഎഫ്സിയുടെ സുരക്ഷാ ചട്ടങ്ങൾക്ക് എതിരാണ്.