കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് പ്രവാസി തൊഴിലാളികളെ എത്തിക്കാൻ നടപടികളുമായി കുവൈത്ത്

0

കുവൈത്ത് സിറ്റി: കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് രാജ്യത്തേക്ക് തൊഴിലാളികളെ എത്തിക്കാൻ കുവൈത്ത് നീക്കം തുടങ്ങി. നിലവില്‍ കുവൈത്തില്‍ ധാരാളം പ്രവാസികളുള്ള രാജ്യങ്ങൾ ഒഴികെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ നടപടികൾ കൈക്കൊള്ളാൻ ഉപപ്രധാനമന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് നിർദ്ദേശം നൽകി. പുതിയ തൊഴിൽ കയറ്റുമതി രാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടുന്നതിന് വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് നടപടി സ്വീകരിക്കാനാണ് മന്ത്രിയുടെ നിര്‍ദേശമെന്ന് മാൻപവര്‍ പബ്ലിക് അതോറിറ്റി അറിയിച്ചു.

രാജ്യത്ത് ചില മേഖലകളില്‍ നിലനിില്‍ക്കുന്ന തൊഴിൽക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് ഈ നടപടികൾ. തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ കൊണ്ടുവരുന്നതിലൂടെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പ്രശ്നം പരിഹരിക്കാനുള്ള രാജ്യത്തിന്റെ പരിശ്രമങ്ങളുടെയും കൂടെ ഭാഗമായാണ് ഈ നീക്കങ്ങള്‍.
കുവൈത്തിലേക്ക് വിദഗ്ധ തൊഴിലാളികളെ അയക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മെയ് അവസാനം ഫിലിപ്പൈന്‍സ് അധികൃതരുമായി ചര്‍ച്ച നടക്കും.

ചർച്ചകൾക്ക് ശേഷം ഫിലിപ്പൈന്‍സില്‍ നിന്നുള്ള തൊഴിലാളികളെ കൊണ്ടുവരുന്നത് പുനഃരാരംഭിക്കാൻ സാധ്യതയുള്ളതിനാൽ വിഷയത്തിൽ ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിന് മാൻപവര്‍ പബ്ലിക് അതോറിറ്റി നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഗാർഹിക തൊഴിലാളികൾക്ക് ദിവസേന അടിസ്ഥാനത്തില്‍ എട്ട് മണിക്കൂർ ജോലിയും ആഴ്ചയിൽ ഒരു ദിവസം വിശ്രമവും അതിന് ശേഷം ഓവർടൈം വേതനവും ചര്‍ച്ചകളില്‍ ഫിലിപ്പൈൻസ് പ്രതിനിധികൾ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.