കുവൈത്തിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ; പരസ്പരം കുത്തിയെന്നു റിപ്പോർട്ട്

0

കുവൈത്ത് സിറ്റി ∙ മലയാളി ദമ്പതികളെ സാൽമിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട മല്ലശേരി പുത്തേത്ത് പുത്തൻവീട്ടിൽ സൈജു സൈമൺ (35), ഭാര്യ അടൂർ ഏഴംകുളം നെടുമൺ പാറവിളയിൽ ജീന (34) എന്നിവരാണ് മരിച്ചത്. സൈജുവിന്റെ മൃതദേഹം താമസിച്ചിരുന്ന കെട്ടിടത്തിനു താഴെയും ജീനയുടെ മൃതദേഹം ഫ്ലാറ്റിനകത്തുമാണ് കണ്ടത്.

ജീനയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സൈജു കെട്ടിടത്തിൽനിന്ന് ചാടി മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. ഇന്നലെ രാവിലെയാണു സംഭവം നടന്നത്. സൈജുവിന്റെ മരണവാർത്തയറിഞ്ഞെത്തിയ പൊലീസ് ഫ്ലാറ്റിന്റെ പൂട്ടു തകർത്ത് അകത്തു കയറിപ്പോഴാണ് ജീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നതായും കഴിഞ്ഞ ദിവസവും വഴക്കിട്ടിരുന്നതായും ബന്ധുക്കൾ പറയുന്നു. വഴക്കിനൊടുവിൽ ഇരുവരും പരസ്പരം കുത്തിയെന്നും റിപ്പോർട്ടുണ്ട്.

വീടു നിർമാണവുമായി ബന്ധപ്പെട്ട് ഒരു മാസം മുൻപാണു സൈജു നാട്ടിലെത്തി മടങ്ങിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു വിവാഹം. ഇരുവരുടെയും പുനർവിവാഹമാണ്. ആദ്യ വിവാഹത്തിൽ ഇരുവർക്കും ഓരോ കുട്ടികളുണ്ട്. കുവൈത്തിൽ ആരോഗ്യ വകുപ്പിൽ ആംബുലൻസ് ഡ്രൈവറായിരുന്നു ബിഎസ്‌സി നഴ്സായ സൈജു. കുവൈത്ത് സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ ഐടി ജീവനക്കാരിയാണ് ജീന.