‘ഇച്ചാക്കാ’ എന്നു ലാല്‍ വിളിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം തോന്നാറുണ്ട്; എൻെറ ലാലിന്​… ജന്മദിന ആശംസകൾ

0

60ാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് ജന്മദിന​ ആശംസകൾ നേർന്ന്​ മമ്മൂട്ടി. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ്​ ആശംസ നേർന്നത്​. വിഡിയോയിൽ മോഹൻലാലിനോടൊപ്പമുള്ള പഴയകാല ​ചിത്രങ്ങളും മമ്മൂട്ടി പങ്കു​െവക്കുന്നുണ്ട്​. മേയ്​ ആറിന്​ മമ്മൂട്ടിയുടെ വിവാഹ ജന്മവാർഷിക ദിനത്തിൽ മോഹൻലാൽ ആശംസകൾ നേർന്നിരുന്നു.

മമ്മൂട്ടിയുടെ വാക്കുകൾ

“ലാലിൻെറ ജന്മദിനമാണ്. ഞങ്ങൾ തമ്മിൽ പരിചയമായിട്ട് ഏകദേശം 37 വർഷങ്ങൾ കഴിഞ്ഞു. ‘പടയോട്ട’ത്തിൻെറ സെറ്റിലാണ് ആദ്യം കാണുന്നത്. ആ പരിചയം ഇതാ ഇന്നു വരെ…എൻെറ സഹോദരങ്ങൾ വിളിക്കുന്നതു പോലെയാണ് ലാലെന്നെ സംബോധന ചെയ്യുന്നത്, ഇച്ചാക്ക… പലരും ആലങ്കാരികമായി വിളിക്കുമ്പോഴും എനിക്കത്രത്തോളം സന്തോഷം തോന്നാറില്ല. പക്ഷേ ലാൽ വിളിക്കുമ്പോൾ ഒരു പ്രത്യേക സുഖം തോന്നാറുണ്ട്. എൻെറ സഹോദരങ്ങളിൽ ഒരാൾ എന്ന തോന്നൽ.നടന്‍ തുറന്നു പറഞ്ഞു.

സിനിമയോട് ഗൗരവമുണ്ടെങ്കിലും ജീവിതത്തോട് അത്ര ഗൗരവം കാണുന്നവരായിരുന്നില്ല നമ്മള്‍. കോളേജ് വിദ്യാര്‍ത്ഥികളെ പോലെ പാടിയും ഉല്ലസിച്ചും തമാശ പറഞ്ഞും കളിച്ചും ഒക്കെ നടന്നു. പക്ഷെ തൊഴിലിനോട് ഗൗരവം പുലര്‍ത്തി. നമുക്ക് സാമാന്യം നല്ല മാര്‍ക്കും കിട്ടി. അത് കൊണ്ട് ആളുകള്‍ സ്‌നേഹിക്കുകയും വാഴ്ത്തുകയും ചെയ്യുന്ന നടന്‍മാരായി മാറിയതെന്നും മമ്മൂട്ടി പറഞ്ഞു.

അതിന് ശേഷമുള്ള യാത്ര വളരെ നീണ്ട യാത്രയാണ്. ചില്ലറ പരിഭവങ്ങളും പിണക്കങ്ങളുമൊക്കെ നേരിട്ട് കാണുമ്പോള്‍ ഐസ് പോലെ അലിഞ്ഞു തീര്‍ന്നു. എന്റെ മകളുടെ വിവാഹം, മകന്റെ വിവാഹം എന്നിവയൊക്കെ ലാല്‍ സ്വന്തം വീട്ടിലെ വിവാഹം പോലെ നടത്തി തന്നത് എനിക്ക് ഓര്‍മ്മയുണ്ട്. അപ്പുവിനെ ആദ്യമായി സിനിമയില്‍ ഇന്‍ട്രൊഡ്യൂസ്ചെയ്യാന്‍ പോയപ്പോള്‍ എന്റെ വീട്ടില്‍ വന്നതും അനുഗ്രഹം വാങ്ങിയതും സ്‌നേഹം വാങ്ങിയതും പ്രാര്‍ത്ഥനകള്‍ വാങ്ങിയതും ഓര്‍മ്മയുണ്ടെന്നും വലിയ സൗഹൃദം നമുക്കിടയില്‍ വളര്‍ന്നിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

ഈ യാത്രകള്‍ നമുക്ക് തുടരാം, ഇനിയുള്ള കാലം, ഇനി എത്ര കാലം എന്ന് നമുക്കറിയില്ല. നമ്മുടെ ജീവീത പാഠങ്ങള്‍ പിന്നാലെ വരുന്നവര്‍ക്ക് അറിഞ്ഞ് അനുഭവിക്കാനും അറിഞ്ഞ് മനസ്സിലാക്കാനും കഴിയുന്ന പാഠങ്ങളാവട്ടെ. മലയാളത്തിന്റെ ഈ അത്ഭുത കലാകാരന്, ലാലിന്, മലയാളികളുടെ ലാലേട്ടന്, മലയാള സിനിമ കണ്ട മഹാനായ നടന്, പ്രിയപ്പെട്ട മോഹന്‍ലാലിന് ജന്മദിനാശംസകള്‍, മമ്മൂട്ടി പറഞ്ഞു.